ദുരഭിമാനക്കൊല : യഥാര്‍ത്ഥ പ്രതി വെള്ളാപ്പള്ളി

#

(07.04.2018) : ജാത്യഭിമാനത്തിന്റെ പേരില്‍ മക്കളെയും സഹോദരങ്ങളെയും കൊല്ലുന്നത് ഉത്തരേന്ത്യയില്‍ സാധാരണമായിരുന്നെങ്കിലും കേരളത്തില്‍ അങ്ങനെ നടക്കുകയില്ലെന്നായിരുന്നു നമ്മള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഇതിലും നമ്മുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. മലപ്പുറം അരീക്കോട് വിവാഹത്തലേന്ന് യുവതിയെ സ്വന്തം പിതാവ് കുത്തിക്കൊന്നാണ് കേരളത്തില്‍ ദുരഭിമാനക്കൊല അരങ്ങേറിയത്. ദളിത്‌ യുവാവുമായി മകളുടെ വിവാഹം നടന്നാല്‍ ഈഴവനായ തന്റെ കുടുംബത്തിന്റെ മാനം പോകും എന്ന് ഭയന്നാണ് അവളെ കൊന്നത് എന്നാണു പിതാവ് പോലീസിനോട് പറഞ്ഞത്.

ജാതി,മത ഭ്രാന്തിന്റെ പ്രയോക്താക്കളായ ആര്‍.എസ്.എസ്, സംഘപരിവാര്‍ ശക്തികളുടെ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്തെമ്പാടും വര്‍ഗ്ഗീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും ദളിത്‌ പീഡനങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഗോമാംസത്തിന്റെ പേരു പറഞ്ഞും മറ്റും ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ടവരെ കൊല്ലുന്നത്‌ പോലെ തന്നെ ഹിന്ദു ഐക്യത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാരെ ഇല്ലാതാക്കാനും വര്‍ഗ്ഗീയ ,ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ സ്വാധീനം കേരളത്തിലും എത്തിയതിന്റെ സൂചനയാണ് ഈ ദുരഭിമാന വധത്തില്‍ പ്രതിഫലിക്കുന്നത്. നവോത്ഥാന മൂല്യങ്ങളുടെ തിരസ്കാരവും തിരിച്ചുപോക്കും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പുനരാഗമനവും ഇത്തരം ഹീനകര്‍മ്മങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്. പക്ഷേ അരീക്കോട് നടന്ന ദുരഭിമാനക്കൊലയില്‍ ഇവയെക്കാളൊക്കെ സ്വാധീനം ചെലുത്തിയത് കൊലയാളിയുടെ സാമുദായിക സംഘടനാ നേതാക്കളാണെന്ന് കാണാന്‍ വിഷമമില്ല.

"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം" സ്വപ്നം കാണുകയും അത് സാക്ഷാത്കരിക്കുവാന്‍ "ആയുസ്സും വപുസ്സും ബലിയര്‍പ്പിക്കുക"യും ചെയ്ത മഹാഗുരുവിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട സംഘടനയുടെ തലപ്പത്ത് ഇരുന്നുകൊണ്ട് അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന വെള്ളാപ്പള്ളി നടേശനെയും മകനെയും പോലുള്ള നേതാക്കന്മാരാണ് ഇത്തരം ദുസ്ഥിതിക്ക് കാരണക്കാര്‍. ജാതി വ്യവസ്ഥ യെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും സൌമ്യവും യുക്തി പൂര്‍വ്വവുമായ നടപടികളിലൂടെ ഇല്ലാതാക്കാനോ കുറച്ച് കൊണ്ടുവരാനോ ഗുരുവിനു സാധിച്ചു. ജാതി, മത വര്‍ണ്ണ വ്യത്യാസങ്ങളുടെ നിരര്‍ത്ഥകത ശരിക്കും അറിയാവുന്ന ഗുരു ഒടുവില്‍ തനിക്കു ജാതിയില്ല എന്ന് പ്രഖ്യാപിക്കുക വരെ ചെയ്തു. പക്ഷേ അതിനു മുമ്പ് തന്നെ സാമൂഹിക പരിഷ്കരണം ഉദ്ദേശിച്ച് അദ്ദേഹത്തിന്റെ പേരില്‍ ആരംഭിച്ച ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ( എസ്.എൻ.ഡി.പി യോഗം) പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതായി ഗുരു മനസ്സിലാക്കി.അദ്ദേഹം സംഘടനയില്‍ നിന്ന് അകന്നു. "യോഗത്തിനു ജാത്യഭിമാനം വര്‍ദ്ധിച്ചു വരുന്നു" എന്നതാണ് യോഗത്തെ കയ്യൊഴിയുന്നതിനു മുഖ്യകാരണമായി ഗുരു അന്ന് ചൂണ്ടിക്കാണിച്ചത്.

നൂറ്റാണ്ടുകളായി സമൂഹഗാത്രത്തില്‍ അടിഞ്ഞുകൂടിയ അഴുക്കുകള്‍ കഴുകിക്കളയാന്‍ താന്‍ നടത്തിയ പരിശ്രമങ്ങള്‍ പാഴാകരുതെന്ന് ഉദ്ദേശിച്ചാണ് ഗുരു അത്തരം ഒരു ഷോക്ക് ട്രീറ്റ്മെന്റ് യോഗത്തിനു കൊടുത്തത്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജാത്യഭിമാനം ഇത്രത്തോളം അതിര് കടക്കാതിരുന്നതും അതുകൊണ്ടാകണം. എന്നാല്‍ ക്രാന്തദര്‍ശിയായ ആ ഋഷിവര്യന്റെ നിരീക്ഷ ണം അക്ഷരം പ്രതി ശരിയാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും നടേശന്റെ യും കുടുംബത്തിന്റെയും കൈകളില്‍ യോഗത്തിന്റെ കടിഞ്ഞാണ്‍ എത്തുന്നതുവരെ ജാത്യഭിമാനം ദുരഭിമാനമായി പരിണമിച്ചിരുന്നില്ല. എന്തൊക്കെ കുറവുകള്‍ ഉണ്ടെന്നു ആരോപിച്ചാലും വെള്ളാപ്പള്ളിക്ക് മുമ്പ് വരെയുള്ള യോഗ നേതാക്കളാരും ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് നേര്‍വിപരീതമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരായിരുന്നില്ല. മാത്രമല്ല അവരാരും അന്യമത വിദ്വേഷമോ ജാതിസ്പര്‍ദ്ധയോ പ്രകടിപ്പിച്ചിരുന്നില്ല. ആദ്യം അറിവില്ലായ്മകൊണ്ടും അധികാരം തന്റെ കൈപ്പിടിയില്‍ ഒതുങ്ങി എന്ന് മനസ്സിലായപ്പോള്‍ അഹങ്കാരം കൊണ്ടും മറ്റു ജാതി,മതങ്ങളോട് വെറുപ്പും പുച്ഛവും വെള്ളാപ്പള്ളി പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങി. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ അവരുടെ ചങ്ങാത്തം നേടിയെടുക്കാന്‍ വേണ്ടി മതന്യൂനപക്ഷങ്ങളെ ആക്ഷേപിക്കുവാനും അവര്‍ക്ക് നേരെ വിദ്വേഷത്തിന്റെ വിഷം ചീറ്റാനും അത്യുത്സാഹമാണ് അദ്ദേഹവും മകനും കാട്ടിയത്.

മകന്റെ രാഷ്ട്രീയ പട്ടാഭിഷേകം ഉന്നം വച്ച് , കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ "സമത്വ മുന്നേറ്റ യാത്ര"യിലുടനീളം നടേശന്‍ ചെയ്ത പ്രസംഗങ്ങള്‍ ജനങ്ങളില്‍ മതവൈരം വളര്‍ത്തുന്നവ ആയിരുന്നു. വി.എം. സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിയ്ക്കെതിരെ പോലീസ് കേസ്സെടുക്കുകയും ചെയ്തു. തൃശൂരില്‍ ഒരു നരാധമന്‍, ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ അതിനിഷ്ടുരമായി കൊലപ്പെടുത്തിയ സംഭാവമുണ്ടായപ്പോൾ കൊല്ലപ്പെട്ട ജീവനക്കാരന്റെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി കൊടുത്തു. അതിനു മുമ്പ് കോഴിക്കോട് നഗരത്തില്‍ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മരണപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ നൌഷാദിന്റെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കി. മരിച്ച മറ്റു തൊഴിലാളികളുടെ കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായം നല്‍കി. എന്നാല്‍ നൌഷാദ് മുസ്ലീം ആയതുകൊണ്ട് അയാളുടെ ബന്ധുക്കള്‍ക്ക് മാത്രം സര്‍ക്കാര്‍ ധനസഹായം നല്‍കി എന്നാണ് മുന്നേറ്റ യാത്രയില്‍ ഉടനീളം നടേശന്‍ പ്രസംഗിച്ചുകൊണ്ടിരുന്നത്. മറ്റുള്ളവര്‍ക്ക് കിട്ടിയ സഹായം ബോധപൂര്‍വ്വം മറച്ചു വച്ചു.

ജാതി ചോദിക്കരുത്.പറയരുത് എന്ന ഗുരുവിന്റെ ഉദ് ബോധനത്തെ അവഹേളി ക്കുന്ന തരത്തില്‍, ജാതി ചോദിക്കണം പറയണം എന്ന് പരസ്യമായി അണികളെ ഉപദേശിക്കുകയാണ് ഇദ്ദേഹം ജനറല്‍ സെക്രട്ടറി ആയ കാലം മുതല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. "ചെത്തരുത്,കുടിക്കരുത് ,വില്‍ക്കരുത്" എന്ന ഗുരുവചനം "ചെത്തണം,കുടിക്കണം വില്‍ക്കണം" എന്ന് തിരുത്തിയ ഈ ഗുരുനിന്ദകന്റെ വാക്കുകള്‍ അതേപടി അനുസരിക്കുന്ന ഒരു ചെറു വിഭാഗമെങ്കിലും അനുയായികളായി ഉണ്ട്. അത്തരത്തില്‍ പെട്ട ഒരുത്തനാകണം ദുരഭിമാനം മൂത്ത് സ്വന്തം പുത്രിയെ കുത്തിക്കൊന്നത്.

അയിത്തപ്പിശാച് നാടുവാഴുന്ന കാലത്ത് തന്നെയാണ് ദളിത്‌ ബാലന്മാരെ ശ്രീനാരായണഗുരു ശിവഗിരിയില്‍ താമസിപ്പിച്ചു പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ഗൃഹസ്ഥ ശിഷ്യരില്‍ പ്രധാനിയും എസ്.എന്‍ ഡി.പി യോഗത്തിന്റെ മുന്‍ പ്രസിഡന്റും ആയിരുന്ന സഹോദരന്‍ അയ്യപ്പന്റെ മിശ്ര ഭോജനത്തെയും മിശ്ര വിവാഹത്തെയും മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ഗുരു. "മനുഷ്യരുടെ മതം ,വേഷം,ഭാഷ മുതലായവ എങ്ങനെ ആയിരുന്നാലും അവരുടെ ജാതി ഒന്നാകയാല്‍ അന്യോന്യം വിവാഹവും പന്തി ഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല." എന്നാണു സ്വാമി സ്വന്തം കൈപ്പടയില്‍ സഹോദരന്‍ അയ്യപ്പന് എഴുതിക്കൊടുത്തത്. ഇതിനു നേരെ വിപരീതമായിട്ടാണ് വെള്ളാപ്പള്ളി നടേശന്റെയും പുത്രന്റെയും വാക്കും പ്രവൃത്തിയും. സഹോദരന്‍ മരിച്ചിട്ട് 2018 മാര്‍ച്ച് 6 നു 50 വര്‍ഷം തികഞ്ഞു. മിശ്രവിവാഹത്തോടുള്ള വെറുപ്പു മൂലമായിരിക്കണം ,യോഗത്തിന്റെ അദ്ധ്യക്ഷനായിരുന്ന, മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ച അദ്ദേഹത്തിന്റെ ചരമത്തിന്റെ അര്‍ദ്ധശതകം നടേശനും യോഗവും ഓര്‍ക്കാതെ പോയത്.

നടേശന്റെ അന്യജാതിദൂഷണത്തിനും പരമതവിദ്വേഷത്തിനും സ്വന്തം സമുദായാംഗങ്ങള്‍ക്കിടയില്‍ ഇത്ര വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമോ എന്ന സന്ദേഹം പലര്‍ക്കുമുണ്ടാകാം. ഭൂരിപക്ഷത്തെയും സ്വാധീനിക്കുവാന്‍ കഴിയില്ല എന്നാണു ഉത്തരം. വിവരത്തിലും വിദ്യാഭ്യാസത്തിലും നടേശന്‍റെയും പുത്രന്റെയും നിലവാരം പുലര്‍ത്തുന്ന ,ഒരു ചെറിയ ന്യൂനപക്ഷം അവരുടെ ദുര്‍ബ്ബോധനകള്‍ക്ക് വശംവദരായിപ്പോകും. ഇപ്പോള്‍ ജാതിവെറി മൂത്ത് മകളെ കൊന്നവന്‍ അത്തരത്തില്‍ ഉള്ള ഒരാളായിരിക്കാനാണ് സാദ്ധ്യത.