ഹര്‍ത്താല്‍ രാഷ്ട്രീയമായി പൂര്‍ണ്ണവിജയം : സണ്ണി കപിക്കാട്

#

(09-04-18) : (വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കെ ഹര്‍ത്താലിനെക്കുറിച്ച് പ്രമുഖ ചിന്തകനും ദളിത് ആക്ടിവിസ്റ്റുമായ സണ്ണി കപിക്കാട് ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു).

രാഷ്ട്രീയ അർത്ഥത്തിൽ പരിപൂർണ്ണ വിജയമാണ് ഈ ഹർത്താൽ. മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഐക്യം ദളിത് ജനവിഭാഗങ്ങള്‍ക്കിടയില്‍ രൂപം കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ ഹര്‍ത്താലിന്റെ വിജയം. തിരുവിതാംകൂറില്‍ പൂര്‍ണ്ണവും മലബാറില്‍ ഏറെക്കുറേ പൂര്‍ണ്ണവുമാണ് ഹര്‍ത്താല്‍. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമത്തിനെതിരെ ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിലെ ദളിത് വിഭാഗങ്ങള്‍ മാറുന്നതിന്റെ സൂചനയും ഇതിലുണ്ട്. ബഹുഭൂരിപക്ഷം ദളിത് സംഘടനകളും ഐക്യപ്പെട്ടുകൊണ്ടാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. വ്യാപാരി വ്യവസായ ഏകോപനസമിതി കടകള്‍ തുറക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ബസ്സുകള്‍ ഓടിക്കുമെന്നും പറഞ്ഞത് വലിയ ചര്‍ച്ചയായി. മുമ്പും ഹര്‍ത്താലിന് ബസ്സുകള്‍ ഓടിക്കുമെന്നും കടകള്‍ തുറക്കുമെന്നും പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതൊക്കെ ഔപചാരികമായി മാത്രമേ എല്ലാവരും കാണാറുണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്നത്തെ ഹര്‍ത്താലില്‍ ബസ്സുകള്‍ ഓടിക്കുകയും കടകള്‍ തുറക്കുകയും ചെയ്യുമെന്ന ധാരണ വ്യാപകമായി. ദളിത് ജനവിഭാഗങ്ങളോടുള്ള അവഗണനയുടെ ഭാഗമായാണ് ഇത് കണ്ടത്. ദളിത് ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ ഒരു ഉണര്‍വ്വ് സൃഷ്ടിക്കാന്‍ ഇത് കാരണമായി. ദിവസം കഴിയുംതോറും ഹര്‍ത്താലിന് പിന്തുണ വര്‍ദ്ധിച്ചു വരുന്നതാണ് കണ്ടത്.

വളരെ ചെറിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്താല്‍ പോലും അതിനോട് അനുഭാവം പ്രകടിപ്പിക്കാറുള്ള വ്യാപാരി വ്യവസായികളുടെ സംഘടനയും ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനയും ഇന്നത്തെ ഹര്‍ത്താലിന് എതിരേ പരസ്യമായി രംഗത്തുവന്നത് ദലിത് ജനവിഭാഗങ്ങളില്‍ വ്യാപകമായ ഐക്യം രൂപപ്പെടുന്നതിനു കാരണമായി. ഇന്നലെയായപ്പോള്‍ ഹര്‍ത്താല്‍ വിജയമാകുമെന്ന ധാരണയുണ്ടായതോടെ ബസ് ഓപ്പറേറ്റര്‍മാര്‍ക്കും വ്യാപാരി വ്യവസായി സംഘടനയ്ക്കും നിലപാട് മാറ്റേണ്ടിവന്നു. ബസ്സുകള്‍ ഓടിക്കാനും കടകള്‍ തുറക്കാനും കഴിയില്ലെന്ന് മനസ്സിലായതുകൊണ്ടാണ് അവര്‍ പിന്മാറിയത്. ദളിത്-ആദിവാസി സംഘടനകളുടെ ആഹ്വാനം അനുസരിച്ച് നടക്കുന്ന ഒരു ഹര്‍ത്താല്‍ സംസ്ഥാനത്താകെ വിജയിക്കുന്നത് വലിയ ഒരു മാറ്റമാണ്. തിരുവിതാംകൂറില്‍ ജില്ലാതലത്തില്‍ നടത്തിയ പല ഹര്‍ത്താലുകളും വിജയിച്ചിട്ടുണ്ട്. പക്ഷേ അവയില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഇന്നത്തെ സംസ്ഥാന ഹര്‍ത്താലിന്റെ വിജയം.

ഇത്തവണ മലബാറില്‍, കാസര്‍കോട് ജില്ലയിലടക്കം ഹര്‍ത്താലിനോട് നല്ല പ്രതികരണമുണ്ടായി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നു എന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ പ്രശ്‌നമല്ലെന്നും ഇന്ത്യയ്ക്കകത്ത് രൂപപ്പെട്ടിരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഓരോ വിഭാഗത്തിന്റെയും ഭരണഘടനാദത്തമായ അവകാശങ്ങള്‍ റദ്ദു ചെയ്യുന്നതിന്റെ സൂചനകള്‍ ഇതിലടങ്ങിയിരിക്കുന്നു എന്നുമുള്ള രാഷ്ട്രീയപാഠം ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടാണ് ഭാരതബന്ദിന് ഇന്ത്യയിലെ  മിക്കവാറും എല്ലാ സംസ്ഥാനങ്ങളെയും സ്തംഭിപ്പിക്കുന്ന തരത്തില്‍ വ്യാപകമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത്. 11 ജീവിതങ്ങള്‍ ബലി നല്‍കേണ്ടി വന്നു. കോണ്‍ഗ്രസ് പാർട്ടി, നിതീഷ് കുമാര്‍, മായാവതി, മമതാ ബാനര്‍ജി തുടങ്ങി എല്ലാവര്‍ക്കും ബന്ദിനെ പിന്തുണയ്‌ക്കേണ്ടി വന്നു.

ഹിന്ദുത്വഫാസിസ്റ്റുകള്‍ക്കെതിരായ സമരത്തില്‍ യഥാര്‍ത്ഥ ചാലകശക്തിയായി മാറേണ്ടത് ദളിതരും ആദിവാസികളുമാണെന്ന രാഷ്ട്രീയബോധം കോണ്‍ഗ്രസിനുണ്ടായിരുന്നെങ്കില്‍ അവര്‍ നേരത്തേ തന്നെ ഈ ഹര്‍ത്താലിനെ പിന്തുണയ്ക്കുമായിരുന്നു. ദളിത് സംഘടനകള്‍ അവരുടെ ശക്തിയില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കുമെന്ന് ഉറപ്പു വന്നതിനുശേഷം ഉച്ചയോടെയാണ് യു.ഡി.എഫ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നതായി പറയുന്നത്. അതേസമയം യൂത്ത്‌ലീഗും എം.എസ്.എഫും നേരത്തേ തന്നെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ പൊതുസമൂഹത്തില്‍ വലിയ ഒരു പിളര്‍പ്പുണ്ടാക്കാന്‍ ഈ ഹര്‍ത്താലിനു കഴിഞ്ഞു. കേരളത്തിലെ പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ ഒരു മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ജനാധിപത്യസമൂഹത്തിന്റെ അന്തര്‍ധാരയായി ദളിത് ആദിവാസി അവകാശങ്ങള്‍ മാറുന്നതിന്റെ സൂചനയായി കൂടി ഈ ഹര്‍ത്താലിന്റെ വിജയത്തെ കാണണം. ദളിത് ആദിവാസ് പ്രശ്‌നങ്ങളില്‍ നിലപാടെടുക്കാതെ തങ്ങളുടെ കൂടെ നില്‍ക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിയില്ല എന്ന സ്ഥിതി വന്നിരിക്കുന്നു.

ദളിതരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ പ്രശ്‌നമാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നത് ഈ ഹര്‍ത്താലിന്റെ വിജയമാണ്. ഒരു കേന്ദ്ര നേതൃത്വം കേരളമാകെ സഞ്ചരിച്ച്‌ സംഘടിപ്പിച്ചതല്ല ഈ ഹർത്താൽ. കോട്ടയത്തു നിന്നുള്ള ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ട് പല ഭാഗങ്ങളിൽ നിന്നുള്ള വിവിധ ദളിത് സംഘടനകൾ സ്വയം മുന്നോട്ടു വരികയായിരുന്നു. ദേശീയതലത്തിലുള്ള ഒരു മുന്നറ്റത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവിലേക്ക് കേരളത്തിലെ ദളിത് ആദിവാസി സംഘടനകൾ എത്തിച്ചേർന്നിരിക്കുന്നു. ദളിതര്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ വ്യാപകമായ ഐക്യം രൂപപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ് ഹർത്താലിന്റെ വിജയം.