കേരളത്തെ നവീകരിക്കാനുള്ള ബദൽശക്തി രൂപം കൊള്ളുന്നു

#

(10-04-18) : (രാജ്യത്ത് ശക്തിപ്പെടുന്ന ദളിത് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ, ഏപ്രിൽ 9 ന് കേരളത്തിൽ വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന്റെ വിജയത്തെയും അതിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളെയും ഭാവി സാധ്യതകളെയും കുറിച്ച് പ്രമുഖ രാഷ്ട്രീയ- സാമൂഹിക ചിന്തകനും ദളിത് ആക്ടിവിസ്റ്റും ഗോത്രമഹാസഭ കോഓർഡിനേറ്ററുമായ എം.ഗീതാനന്ദൻ ലെഫ്റ്റ്ക്ലിക്ന്യൂസിനോട് സംസാരിക്കുന്നു.)

ദളിത്, ആദിവാസി വിഭാഗങ്ങളുള്‍പ്പെടെ കേരളത്തിലെ ഏറ്റവും പാര്‍ശ്വവല്കൃതരായ ജനങ്ങള്‍ക്കിടയില്‍ വിശാലമായ സാമൂഹിക ഐക്യം രൂപപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഏപ്രില്‍ 9ലെ ഹര്‍ത്താലിന്റെ വിജയം. അടുത്ത ഒരു ഘട്ടത്തിലേക്ക് പോകാന്‍ കഴിയുന്ന തരത്തിലുള്ള മുന്നേറ്റമായി അതു മാറിയിട്ടുണ്ട്. വളരെ ദേശീയ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയവിഷയമാണ് ഹര്‍ത്താല്‍ ഉന്നയിച്ചത്. കാസര്‍കോഡ് മുതല്‍ പാറശ്ശാല വരെയുള്ള ട്രൈബല്‍ മേഖലകളില്‍ നിന്നുള്ള ആളുകള്‍, ദളിത് കോളനികളില്‍ നിന്നുള്ള ആളുകള്‍, പശ്ചിമഘട്ടത്തിന്റെ താഴ്‌വാരത്തെ ഗ്രാമീണമേഖലകളില്‍ നിന്നുള്ളവര്‍ തുടങ്ങി ഏറ്റവും അടിത്തട്ടിലുള്ളവരുടെ വലിയൊരു കുത്തൊഴുക്ക് ഉണ്ടായി. കേരളത്തിലെ ആദിവാസി- ദലിത്  വിഭാഗം   പല ജാതികളൂം ഉപജാതികളും ഗോത്രങ്ങളുമായി ചിതറിക്കിടക്കുകയാണ്. അവയ്ക്കിടയിൽ പല ചെറിയ സംഘടനകളും അംബേദ്കറൈറ്റ്ഗ്രൂപ്പുകളുമൊക്കെ പ്രാദേശികമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും തെക്കന്‍ തിരുവിതാംകൂറില്‍ മാത്രമാണ് വലിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകളുടെയൊക്കെ ഐക്യപ്പെടലാണ് ഹര്‍ത്താലില്‍ കണ്ടത്.

5 സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പിന്നീട് മറ്റു സംഘടനകള്‍ കൂടി ചേരുകയും 32 സംഘടനകൾ ഹർത്താൽ ആഹ്വാനത്തിൽ പങ്കുചേരുകയും ചെയ്തു. അഭൂതപൂര്‍വ്വമായ പ്രതികരണമാണുണ്ടായത്. ദളിത് ആദിവാസി വിഭാഗങ്ങളുടെ രോഷം അണപൊട്ടിയൊഴുകാന്‍ കാത്തുനിന്ന ഒരു സാമൂഹ്യാന്തരീക്ഷം ഇവിടെ നില നില്‍ക്കുകയായിരുന്നു. എവിടെയും നീതി കിട്ടാത്ത, ഭൂമിയിലും വിഭവങ്ങളിലും അധികാരം ലഭിക്കാത്ത സാഹചര്യത്തോടൊപ്പം സര്‍ക്കാര്‍, സാമൂഹ്യ സംഘടനകള്‍, ഭരണവര്‍ഗ്ഗപ്പാര്‍ട്ടികള്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങി ഇവിടെ ആധിപത്യം പുലര്‍ത്തുന്ന വിഭാഗങ്ങളില്‍ നിന്ന് ഹര്‍ത്താലിനോടുണ്ടായ നിഷേധാത്മക സമീപനം കൂടിയായപ്പോൾ അത് പാര്‍ശ്വവത്കൃതരായ ജനങ്ങളെ വളരെയധികം പ്രകോപിപ്പിച്ചു. ഹര്‍ത്താല്‍ പരാജയപ്പെടേണ്ടതാണ്, ഉന്നയിക്കുന്ന വിഷയങ്ങളൊന്നും പ്രസക്തമല്ല എന്ന സമീപനമായിരുന്നു ആധിപത്യം പുലര്‍ത്തുന്ന വിഭാഗങ്ങളില്‍ നിന്നുണ്ടായത്. ഹര്‍ത്താലിന് എതിരായ ഈ പ്രതികരണം ഹര്‍ത്താൽ വിജയിപ്പിക്കാനുള്ള ശക്തമായ പ്രേരണയായി.

ഇത് ചരിത്രപരമായ വിജയമാണ്. ചിതറിക്കിടക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യഐക്യം സാധ്യമാകും എന്ന് ഹര്‍ത്താല്‍ ബോധ്യപ്പെടുത്തി. പല തരത്തിലുള്ള ഹര്‍ത്താലുകൾ ഇവിടെ നടക്കാറുണ്ട്. ഭീഷണികള്‍ നേരിട്ടുകൊണ്ട് മൗലികമായ ജനാധിപത്യഅവകാശങ്ങള്‍ വിനിയോഗിച്ച് നടക്കുന്ന ഒരു ഹര്‍ത്താലിന്റെ വിജയം ഒരു ജനാധിപത്യപ്രക്ഷോഭത്തിന്റെ വിജയമായി വ്യാഖ്യാനിക്കാന്‍ കഴിയും. ഞാനൊരു മലബാറുകാരനാണ് അവിടെ രാഷ്ട്രീയകക്ഷികള്‍ അങ്ങോട്ടുമിങ്ങോട്ടും കൊല്ലുകയും കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും ഹര്‍ത്താലുകള്‍ ജനങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയും ചെയ്യാറുണ്ട്. ആരെയും സ്വാധീനിക്കാതെ അവ കടന്നു പോകുകയാണ് പതിവ്. അവയുടെ ന്യായന്യായങ്ങളൊന്നും ആരും ചോദ്യം ചെയ്യാറില്ല. ദളിത് സംഘടനകൾ ആഹ്വനം ചെയ്ത ഹര്‍ത്താലിനു നേരേ മാത്രം എതിര്‍പ്പുയര്‍ന്നു എന്നത് പ്രധാനമാണ്.

സഹസ്രാബ്ദങ്ങളായി ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയും എല്ലാമൗലിക സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുകയും ചെയ്തവരാണ് ദളിത് ജനവിഭാഗങ്ങള്‍. അയിത്തം തുടങ്ങിയ അതിക്രമങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള പൗരാവകാശ നിയമമുണ്ടാകുന്നത് 1955 ലാണ്. ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലുകള്‍ പൗരവകാശ നിഷേധമായി കണക്കാക്കുന്നു എന്നതാണ് 55 ലെ പൗരാവകാശ നിയമത്തിന്റെ കാതലായ ഭാഗം. ഈ നിയമമൊക്കെ ഉണ്ടെങ്കിലും ജാതി മര്‍ദ്ദനവും ജാതിയുടെ പേരിലുള്ള കൂട്ടക്കൊലകളും വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഇന്ത്യയില്‍ 60 നു ശേഷം ഹരിത വിപ്ലവത്തോടെ ഗ്രാമീണമേഖലയില്‍ കുലാക്കുകളുടെ വളര്‍ച്ചയും ഗ്രാമീണ മേഖലയില്‍ മധ്യമവർഗ്ഗ അടിത്തറയുള്ള ഉല്പാദനശക്തികളുടെ വളര്‍ച്ചയുമുണ്ടാകുന്നു. അതോടൊപ്പം കാര്‍ഷിക മേഖലയില്‍ പല തരത്തിലുള്ള അസംതൃപ്തികള്‍ പടര്‍ന്നു പിടിക്കുന്നു. കാര്‍ഷിക മേഖലയിലുണ്ടാകുന്ന ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നക്‌സലൈറ്റുകൾ ഉണ്ടാകുന്നത്. ദളിത് പാന്തേഴ്‌സ് ഉണ്ടാകുന്നത്തിന്റെ പശ്ചാത്തലവുമതാണ്. ജന്മിമാരുടെയും ഭൂപ്രഭുക്കളുടെയും സൈന്യങ്ങളുണ്ടാകുന്നു. ജാതീയമായ പല ഇടപെടലുകളും ഇന്ത്യന്‍ ഗ്രാമങ്ങളിലുണ്ടായി. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്,ഹര്യാന തുടങ്ങിയ ജാതിക്കോട്ടകളെന്ന് പറയാവുന്ന സംസ്ഥാനങ്ങളില്‍ ദളിതരെ കൂട്ടക്കൊല ചെയ്യുന്ന സംഭവങ്ങളുണ്ടായി. ബ്രാഹ്മണര്‍ മാത്രമായിരുന്നില്ല ഈ അതിക്രമങ്ങള്‍ നടത്തിയത്. മാധ്യമജാതികളില്‍ പെട്ടവരും ഈ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

80കൾ കഴിയുന്നതോടെ പല സംസ്ഥാനങ്ങളിലും ജാതിയുടെ പേരിലുള്ള പാര്‍ട്ടികള്‍ നിലവില്‍ വന്നു. ജാതിയുടെ പേരിലുള്ള അതിക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരെ പിന്തുണയ്ക്കുന്ന പസ്ഥാനങ്ങളും ഇരകളോടൊപ്പം നിൽക്കുന്ന പ്രസ്ഥാനങ്ങളുമുണ്ടായി. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള പല തരത്തിലുള്ള പുനരാലോചനകളുടെ ഫലമായാണ് 1989 ല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമമുണ്ടായതെന്ന് പറയാം. ദളിത്-ആദിവാസി വിഭാഗങ്ങള്‍ വല്ലാതെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് അവര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ വേണം, ആദിവാസികള്‍ക്ക് സ്വയംഭരണ മേഖലകള്‍ ആവശ്യമുണ്ട് എന്നിങ്ങനെയുള്ള വാദങ്ങള്‍ ശക്തിപ്പെടുന്നത് ഈ ഘട്ടത്തിലാണ്. 1989 ലെ നിയമം ദുര്‍ബ്ബലപ്പെടുത്താന്‍ പല തരത്തിലുള്ള ശ്രമങ്ങളുണ്ടായി. ഈ നിയമം തന്നെ പിന്‍വലിക്കണമെന്ന നിലപാട് പല രാഷ്ട്രീയപ്പാര്‍ട്ടികളും സ്വീകരിച്ചു. നിഷ്ക്രിയതയോടെയാണ് എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഈ നിയമത്തെ സമീപിച്ചത്.

മണ്ഡലിന് ശേഷം 90 കളിൽ സംഘപരിവാര്‍ ശക്തികള്‍ പിടിമുറുക്കുക്കുകയും ആഗോളവത്ക്കരണം പരമകാഷ്ഠയിലെത്തുകയും ചെയ്യുമ്പോള്‍ ദളിത് വിരുദ്ധശക്തികള്‍ കൂടുതല്‍ അക്രമാസക്തരായിരിക്കുന്നു. പാര്‍ശ്വവല്കൃതര്‍ക്കുള്ള എല്ലാ സംരക്ഷണനിയമങ്ങളും എടുത്തു കളയണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നു. സംവരണം എടുത്തു കളയണമെന്ന മുറവിളി ഉയരുന്നു. പ്രാഥമികമായ പൗരാവകാശങ്ങള്‍ റദ്ദാക്കപ്പെടുന്നു. കോടതികള്‍ ഇതിനു കൂട്ടുനില്‍ക്കുന്നു. കോടതി പരിസരത്ത് മനുവിന്റെ പ്രതിമ സ്ഥാപിക്കുകയും ചാണക്യനാണ് ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞനെന്ന് ജഡ്ജിമാര്‍ പറയുകയും സംവരണം എടുത്തുകയളയണമെന്ന് ജഡ്ജിമാര്‍ തന്നെ ആവശ്യപ്പെടുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു.

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ അവരെ പീഡിപ്പിക്കുന്നവർക്ക് അനുകൂലമായി പോലീസുദ്യോഗസ്ഥരും നീതി നടപ്പാക്കാൻ ബാധ്യസ്ഥരായ മറ്റുദ്യോഗസ്ഥരും നിൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് എതിരെയുള്ള അതിക്രമങ്ങൾ ജാമ്യമില്ലാത്ത കുറ്റമാക്കിയത്. പട്ടികജാതി-പട്ടികവർഗ്ഗ പീഡന കേസുകളിൽ ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള ചുമതല പ്രാഥമികമായും കേസ് കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും പ്രോസിക്യൂട്ടർക്കും പിന്നെ കോടതിക്കുമാണ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന വ്യവസ്ഥകൾ എടുത്തുകളയണമെന്നും നിയമം തന്നെ പിൻവലിക്കണമെന്നുമുള്ള ആവശ്യങ്ങൾഅടുത്ത കാലത്ത് കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്.

പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം ചാർജ് ചെയ്യപ്പെടുന്ന കേസുകളെല്ലാം തന്നെ വിചാരണഘട്ടമാകുമ്പോൾ പ്രതികൾക്ക് അനുകൂലമായി മാറുന്നതാണ് പതിവ്. വളരെ പുരോഗമനപരമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ഈ നിയമപ്രകാരം കേസെടുത്താലും ആരും ശിക്ഷിക്കപ്പെടാറില്ല. ഞങ്ങൾ ശേഖരിച്ച കണക്ക് അനുസരിച്ച് 2002 മുതൽ 2012 വരെ കേരളത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധനനിയമം അനുസരിച്ച് 6000 ലേറെ കേസുകൾ ചാർജ് ചെയ്‌തെങ്കിലും പ്രതികൾ ശിക്ഷിക്കപ്പെട്ടത് 3 കേസുകളിൽ മാത്രമാണ്. വളരെ ശ്രദ്ധ നേടിയ ചിത്രലേഖയുടെ കേസിൽ വിധി പറയുന്ന ഘട്ടത്തിൽ എത്തുമ്പോഴേക്ക് ഓട്ടോറിക്ഷ കത്തിച്ച കാര്യം അപ്രത്യക്ഷമായി. ഒന്നുകിൽ പ്രോസിക്യൂട്ടർ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയില്ല, അല്ലെങ്കിൽ കേസ് ഫ്രെയിം ചെയ്യുന്ന ഘട്ടത്തിൽ പോലീസ് അതൊഴിവാക്കി. അതുമല്ലെങ്കിൽ അതന്റെ വിശദമായ വശങ്ങളിലേക്ക് ജഡ്ജി പോയില്ല. ഒരാളുടെ ജീവനോപാധി കത്തിച്ചു എന്നത് 7 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. പുരോഗമനപരമെന്ന് പറയുന്ന കേരളത്തിൽ സ്ഥിതി ഇതാകുമ്പോൾ ദേശീയതലത്തിൽ എന്താകും സ്ഥിതി എന്നാലോചിച്ചുനോക്കുക. മറ്റു സംസ്ഥാനങ്ങളിൽ കൂട്ടക്കൊലക്കേസിലെ പ്രതികളെപ്പോലും വെറുതെ വിടുകയാണ്.

ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷം കൊലപാതകവും ബലാൽസംഗവും ഉൾപ്പെടെ ദളിതർക്ക് എതിരായ അതിക്രമങ്ങൾ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ പീഡന കേസുകളിൽ നിഷ്കളങ്കരായ ആളുകളാണ് പ്രതികളാകുന്നത് എന്നാണ് ഈ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട ജഡ്ജി പറയുന്നത്. മഹാരാഷ്ട്രയിലെ ഒരു ജീവനക്കാരൻ തന്റെ മേലുദ്യോഗസ്ഥന് എതിരെ നൽകിയ പരാതിയിൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്ന് നൽകിയ അപ്പീലിലാണ് ഹൈക്കോടതി, പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധനത്തിൽ പ്രതികൾ ബഹുഭൂരിപക്ഷം നിരപരാധികളാണെന്ന് വിധിയെഴുതിയത്. . ആ കേസിൽ തന്നെ വാദിക്ക് സുപ്രീം കോടതിയെ സമീപിക്കാൻ അവസരമുണ്ടായിരിക്കെയാണ് ഈ നിയമം ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്ന് ജഡ്ജി വിധി പ്രസ്താവിക്കുന്നത്.

ഹിന്ദുത്വശക്തികൾ കരുത്താർജ്ജിക്കുകയും ദളിത് വിഭാഗത്തിൽപെട്ടവർ കൂടുതലായി ആക്രമിക്കപ്പെടുകയും ചെയ്യുന്ന പൊതുസാഹചര്യത്തിലാണ് ദളിത്-ആദിവാസി ജനവിഭാഗങ്ങളുടെ രോഷം അണപൊട്ടിയൊഴുകിയത്. പട്ടികജാതി- പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിന്റെ പ്രശ്നത്തോടൊപ്പം ഭൂമിയുടെയും വിഭവാധികാരത്തിന്റെയും പ്രശ്നങ്ങളും കേരളത്തിലെ ഹർത്താൽ മുന്നോട്ടുവച്ചു. സാമൂഹികമായ മുന്നേറ്റത്തിനുള്ള വലിയ സാധ്യതയാണ് മുന്നിൽ. കേരളത്തെ നവീകരിക്കാനുള്ള ഒരു ബദൽ ശക്തിയുടെ രൂപം കൊള്ളലായി ഇതു മാറാം.