കസ്തൂരി രംഗൻ റിപ്പോർട്ട്: കേരളത്തിന്റെ ആവശ്യം തള്ളി

#

ന്യൂ ഡൽഹി(11-04-2018): കസ്തൂരി രംഗൻ റിപ്പോർട്ടിൽ കേരളത്തിന് വീണ്ടും തിരിച്ചടി. റിപ്പോർട്ട് നടപ്പാക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. വില്ലേജുകളെ അടിസ്ഥാനമാക്കി മാത്രമേ റിപ്പോർട്ട് നടപ്പാക്കാനാവൂ എന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ പരിസ്ഥിതി സെക്രട്ടറിമാരുടെ യോഗത്തിൽ, വിവിധ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക എന്നത് അപ്രായോഗികമാണെന്ന മുൻ നിലപാടിൽ മന്ത്രാലയം ഉറച്ചു നിൽക്കുകയായിരുന്നു.

മുൻപ് നടന്ന ചർച്ചകളിലും കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. 424 ചതുരശ്ര കിലോ മീറ്റർ ജനവാസ പ്രദേശങ്ങൾ ഒഴിവാക്കി വേണം റിപ്പോർട്ട് നടപ്പിലാക്കാൻ എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നും റിപ്പോർട്ട് പ്രകാരം മാത്രമേ കാര്യങ്ങൾ ചെയ്യാനാകൂവെന്നും കേന്ദ്രം അറിയിച്ചു.