പ്രക്ഷുബ്ധമാകുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥ

#

പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഇപ്പോഴത്തെ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കാര്യം. ദിവസങ്ങൾ കടന്നു പോകും തോറും നീതിന്യായ വ്യവസ്ഥ പ്രക്ഷുബ്ധമായി കൊണ്ടേ ഇരിക്കുന്നു. ആ നിരയിലെ ഏറ്റവും പുതിയ വികാസത്തിനായിരുന്നു പരമോന്നത നീതി പീഠം ഇന്ന് വേദിയായത്.

"പരമാധികാരിയും" ,"തുല്യരിൽ വമ്പനുമായ" പരമോന്നത ന്യായാധിപന്റെ അധികാരങ്ങൾ ചോദ്യം ചെയ്തു മുൻ നിയമമന്ത്രിയും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷൺ സമർപ്പിച്ച ഹർജി പരിഗണിക്കാനിരിക്കവേ ആയിരുന്നു ആ പൊട്ടിത്തെറി. ഹർജി പരിഗണിക്കേണ്ടിയിരുന്നത് ഇന്ത്യൻ ജുഡിഷ്യറിയിലെ "വികൃതി കുട്ടി" ആയ ജസ്റ്റിസ് ജസ്തി ചലമേശ്വറും. ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു കൊണ്ട് ചെലമേശ്വർ ഒരു പുതിയ വിവാദ കൊടുങ്കാറ്റിനെയാണ് തുറന്നു വിട്ടിരിക്കുന്നത്.

24 മണിക്കൂറിനുള്ളിൽ തന്റെ ഒരു വിധി കൂടി റദ്ദാക്കപ്പെടുന്നത് കാണാ താൻ ആഗ്രഹിക്കുന്നില്ലായെന്നു അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ അധികാര വ്യവസ്ഥയെയും നീതിന്യായ വ്യവസ്ഥയെയും ഒരു പോലെ പിടിച്ചു കുലുക്കിയ മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ നവംബർ 10 ലെ തന്റെ വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റദ്ദാക്കിയ സംഭവം ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. തന്റെ അന്നത്തെ വിധിയിൽ യാതൊരു തെറ്റും കാണുന്നില്ലായെന്നു അദ്ദേഹം മുൻപും പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കരിനിഴലിൽ ആയ കോഴ വിവാദ കേസ് ജസ്റ്റിസ് ചെലമേശ്വർ വാദം കേട്ട് 5 അംഗ ഭരണഘടനാ ബെഞ്ചിന്റ്റെ പരിഗണനയ്ക്കായി വിട്ടിരുന്നു. എന്നാൽ അന്ന് തന്നെ ഈ വിധി ചീഫ് ജസ്റ്റിസ് തന്റെ പ്രത്യേകാധികാരമുപയോഗിച്ചു റദ്ദ് ചെയ്യുകയും അദ്ദേഹം തന്നെ ഉൾപ്പെട്ട 5 അംഗ ബെഞ്ചിന്റെ പരിഗണനക്കായി മാറ്റുകയും ചെയ്യുകയായിരുന്നു.

പിന്നീട് കേന്ദ്ര സർക്കാരിന്റെ ജുഡിഷ്യറിയിന്മേലുള്ള അവിഹിതവും അനിയന്ത്രിതവുമായ കടന്നു കയറ്റത്തെയും അതിനുള്ള ജുഡീഷ്യറിയിലെ തന്നെ പലരുടെയും മൗനാനുവാദത്തെയും കൊളീജിയം തീരുമാനങ്ങളുടെ അട്ടിമറികളെ കുറിച്ചും ചെലമേശ്വർ സി.ജെ.ഐ ക്കു കത്തയച്ചിരുന്നു. ഇതിലും അനുഭാവപൂർണമായ നിലപാടല്ല സി.ജെ.ഐ സ്വീകരിച്ചത്. ഇതും ഇരുവർക്കുമിടയിലുള്ള ഭിന്നത വർധിപ്പിച്ചു.

ഇതിനിടയിൽ ജഡ്ജിമാരുടെ നിയമനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തടയണമെന്ന് ആവശ്യം ഉന്നയിച്ചു ജസ്റ്റിസ് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസിന് ഇന്ന് കത്തയച്ചു. ജഡ്ജി നിയമന ശിപാർശയിൽ കേന്ദ്രം മനഃപൂർവ്വമായ താമസവും അനാസ്ഥയും കാണിക്കുന്നു എന്നാരോപിച്ചായിരുന്നു കത്ത്.

പരമോന്നത കോടതിയിലെ ന്യായാധിപരുടെ അമ്മായിയമ്മ പോരും അഭിപ്രായ ഭിന്നതയും, ആയതിനെ പൊതു മധ്യത്തിലേക്കു കൊണ്ട് വന്നിട്ടതും ജുഡീഷ്യറിയെ തന്നെ നാണക്കേടിന്റെ കുപ്പയിലേക്കു വലിച്ചിട്ടിട്ടു നാളുകളേറെയായിട്ടില്ല. ഈ സ്ഥിതി ഇനിയും തുടർന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ മറ്റുള്ള തൂണുകൾക്കു സംഭവിച്ചത് പോലെ നാറുന്ന ചെളിയിലേക്കുള്ള കൂപ്പുകുത്തലായിരിക്കും നമ്മുടെ നീതി ന്യായ വ്യവസ്ഥയ്ക്കും സംഭവിക്കാൻ പോകുന്നത്.