ബലാത്സംഗം : ബി.ജെ.പി എം.എല്‍.എ സി.ബി.ഐ കസ്റ്റഡിയില്‍

#

ലക്‌നൗ (13-04-18) : ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കഴിഞ്ഞ വര്‍ഷം 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തു. ഇന്ന് വെളുപ്പിന് 4 മണിയോടെ ലക്‌നൗവില്‍ ഇന്ദിരാനഗറിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സെംഗാറിനെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. കേസ് സംബന്ധിച്ച് എല്ലാ ഫയലുകളും കൈമാറാന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തോട് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

ഒരു വര്‍ഷമായിട്ടും പരാതിയില്‍ ഒരു നടപടിയുമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി ഏപ്രില്‍ 1 ന് യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ സ്വയം തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അയാള്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിക്കുകയും ചെയ്തു. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതും കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതും സി.ബി.ഐ അന്വേഷിക്കും.