മലയാളം തൂത്തുവാരി ; സംവിധാനം, തിരക്കഥ, ഛായാഗ്രഹണം പുരസ്‌കാരങ്ങൾ

#

ന്യൂഡൽഹി (13-04-18) : ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, ഗായകൻ, സഹനടൻ തുടങ്ങി 9 പുരസ്കാരങ്ങൾ മലയാളികൾക്ക്. ഭയാനകം എന്ന ചിത്രം സംവിധാനം ചെയ്ത ജയരാജാണ് മികച്ച സംവിധായകൻ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ സജീവ് പാഴൂരിനാണ്. ഭയാനകത്തിന്റെ ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീൺ മികച്ച ഛായാഗ്രാഹകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്കാരം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിച്ച ഫഹദ് ഫാസിലിന് ലഭിച്ചു. വിശ്വാസപൂർവം മൻസൂർ എന്ന സിനിമയിലെ ഗാനത്തിന് യേശുദാസിന് മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ചു. ടേക്ക് ഓഫ് എന്ന സിനിമയിൽ അഭിനയിച്ച പാർവതിക്ക് ജൂറിയുടെ പ്രത്യേക പരാമർശമുണ്ട്. അവലംബിത തിരക്കഥയായി ഭയാനകത്തിന്റെ തിരക്കഥ എഴുതിയ ജയരാജ് തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യപ്രസക്തിയുള്ള ചിത്രമായി ആളൊരുക്കം തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് ഏറ്റവും മികച്ച മലയാള സിനിമ.

ആസ്സാമീസ് ചിത്രം വില്ലേജ് റോക്ക്സ്റ്റാഴ്‌സ് ആണ് മികച്ച ചിത്രം. നല്ല നടിയ്ക്കുള്ള പുരസ്കാരം മോമിലെ അഭിനയത്തിന് ശ്രീദേവിക്ക് മരണാനന്തര ബഹുമതിയായി നൽകും. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായി നൽകുന്നത് ആദ്യമാണ്. നഗർകീർത്തൻ എന്ന ബംഗാളി സിനിമയിൽ അഭിനയിച്ച റിതിൻ സെൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാൽക്കെ അവാഡ് പരേതനായ വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി നൽകും.