സിറിയയില്‍ യു.എസ് സഖ്യത്തിന്റെ വ്യോമാക്രമണം

#

ന്യൂഡല്‍ഹി (14-04-18) : സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. ബ്രിട്ടനും ഫ്രാന്‍സും യു.എസ്സിനോടൊപ്പം വ്യോമാക്രമണത്തില്‍ പങ്കാളികളാണ്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇന്ന് അതിരാവിലെയാണ് തുടര്‍ച്ചയായ വ്യോമാക്രമണമുണ്ടായത്. സിറിയ നടത്തിയ രാസാക്രമണത്തിന് മറുപടിയായാണ് തങ്ങളുടെ ബോംബാക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിനോടൊപ്പമായിരുന്നു ഡമാസ്‌കസില്‍ ആക്രമണം നടന്നത്. രാസായുധ കേന്ദ്രങ്ങളിലാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് അമേരിക്ക അവകാശപ്പെട്ടു.

രാസ-ജൈവ ആയുധങ്ങളുമായി ബന്ധപ്പെട്ട ഒരു ഗവേഷണകേന്ദ്രവും രാസായുധ ശേഖരണ കേന്ദ്രവും രാസായുധ സജ്ജീകരണത്തിനുള്ള ഒരു കേന്ദ്രവും തകര്‍ക്കപ്പെട്ടതായി പെന്റെഗൺ അറിയിച്ചു. ഒരു ഡസനിലേറെ മിസൈലുകള്‍ സിറയന്‍ സൈന്യം വെടിവെച്ചിട്ടതായി സിറിയയുടെ ഔദ്യോഗിക ടെലിവിഷന്‍ അവകാശപ്പെട്ടു. ഡമാസ്‌കസിലെ ഒരു ഗവേഷണകേന്ദ്രം മാത്രമാണ് തകര്‍ക്കപ്പെട്ടതെന്നാണ് സിറിയയുടെ ഔദ്യോഗിക മാധ്യമത്തില്‍ നിന്നുള്ള അറിയിപ്പ്.

തങ്ങളുടെ സഖ്യശക്തിയായ സിറിയയ്ക്കു നേരേയുണ്ടായ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ഫ്രാന്‍സും റഷ്യയും ചേര്‍ന്ന് സിറിയയില്‍ നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സിറിയയും റഷ്യയും അഭിപ്രായപ്പെട്ടു. ആക്രമണം വൻ പരാജയത്തിൽ കലാശിക്കുമെന്ന് സിറിയൻ അധികൃതർ പറഞ്ഞു.