അംബേദ്‌കർ : ഭാവി ഇന്ത്യയുടെ സ്രഷ്ടാവ്

#

(14.04.2018) : ഡോ.ബി.ആര്‍. അംബേദ്കറുടെ 125-ാം ജന്മവാര്‍ഷിക വേളയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി വൈകാരികമായ തന്റെ പ്രഭാഷണ വൈദഗ്ധ്യത്തോടെ ഇങ്ങനെ പറഞ്ഞു, "പാത്രങ്ങള്‍ കഴുകി ജീവിച്ച ഒരമ്മയുടെ മകന്‍ പ്രധാനമന്ത്രിയായി മാറിയതിന്റെ മുഴുവന്‍ ബഹുമതിയും അംബേദ്കര്‍ക്കുള്ളതാണ്." ഈ പ്രസ്താവനയ്ക്ക് കേവലം രണ്ടാഴ്ച മുമ്പ് ആറാമത് അംബേദ്കര്‍ സ്മാരക പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മോദി പ്രഖ്യാപിച്ചത്, പ്രധാനമന്ത്രി സ്ഥാനലബ്ധിയിലൂടെ തനിക്ക് ബാബാ സാഹേബ് അംബേദ്കറുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ് എന്നാണ്. അംബേദ്കറുടെ സ്വപ്നത്തിലുള്ള വികസിത ഇന്ത്യയെ സൃഷ്ടിക്കാനുള്ള തന്റെ പരിശ്രമത്തെ ഊന്നിപറയാനാണ് കഴിഞ്ഞ വര്‍ഷത്തെ അംബേദ്കര്‍ ജയന്തി പ്രസംഗത്തിലും മോദി നാഗ്പൂരില്‍ ശ്രമിച്ചത്. സ്ഥാനത്തും അസ്ഥാനത്തും സ്വന്തം പിന്നോക്ക സ്വത്വം തുറുപ്പു ചീട്ടായുപയോഗിക്കുന്ന മോദിയുടെ ഭരണകൂടചെയ്തികള്‍ അംബേദ്കറുടെ ആശയാദര്‍ശങ്ങളോടും അഭിലാഷങ്ങളോടും എത്രമാത്രം വൈരുദ്ധ്യത്തിലാണെന്നത് പ്രത്യക്ഷത്തില്‍ തന്നെ അനുഭവവേദ്യമായതുകൊണ്ട് സംഭവങ്ങളെ ഉദാഹരിച്ചുകൊണ്ടുള്ള വിശകലനത്തിന്റെ ആവശ്യമേയില്ല.

ഏകശിലാത്മകമായ ഒരു ഹിന്ദുമത പുന:സൃഷ്ടിയും അതിനെ സംരക്ഷിച്ചും വ്യാപിപ്പിച്ചും പോഷിപ്പിക്കാനാള്ള ഒരു ഹിന്ദുരാഷ്ട്രവും ആത്യന്തികമായ ലക്ഷ്യമായി വിഭാവനം ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ വിശ്വാസികള്‍, ഭരണം കൈയ്യാളിയ നിമിഷം മുതല്‍ തങ്ങളുടെ സങ്കുചിത ദേശീയബോധത്തിന് പുറത്തു നില്‍ക്കുന്ന എല്ലാവരുടെയും മേല്‍ രാജ്യദ്രോഹത്തിന്റെ ചാപ്പകുത്തി നാടുകടത്താനുള്ള പരസ്യമായ പരിശ്രമത്തിലാണ്. അവര്‍ രാഷ്ട്രീയ എതിരാളികളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന പദം "രാജ്യദ്രോഹി" എന്നതാണ്. പൊതുജീവിതത്തിനിടയില്‍ തന്റേതായ നിലപാടുയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ രാജ്യദ്രോഹിയെന്ന വിളി അംബേദ്കറോളം കേട്ട മറ്റൊരിന്ത്യന്‍ നേതാവും ചരിത്രത്തിലിന്നോളമുണ്ടായിട്ടില്ല. 1931 ല്‍ വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുമായി നടന്ന സംഭാഷണത്തില്‍ തനിക്ക് സ്വരാജ്യമില്ലെന്നും, രാജ്യദ്രോഹി എന്ന് വിളിക്കപ്പെടുന്നതില്‍ ഖേദമില്ലെന്നും വ്യക്തമാക്കികൊണ്ട് അംബേദ്കര്‍ പറഞ്ഞ വാക്കുകള്‍ ഇന്നത്തെ പശ്ചാത്തലത്തിലും പ്രസക്തമാണ്. "ഞങ്ങളോട് പട്ടികളോടും പൂച്ചകളോടും എന്നതിനേക്കാള്‍ മോശമായി പെരുമാറുമ്പോള്‍ ഈ നാടിനെ സ്വന്തം മാതൃഭൂമിയെന്നും ഈ മതത്തെ സ്വന്തം മതമെന്നും വിളിക്കാന്‍ എനിക്കെങ്ങിനെ കഴിയും? ആത്മാഭിനമുള്ള ഒരയിത്ത ജാതിക്കാരനും ഈ നാടിനെക്കുറിച്ച് അഭിമാനം കൊള്ളാന്‍ കഴിയുകയില്ല. അറിഞ്ഞോ അറിയാതെയോ ഞങ്ങള്‍ രാജ്യത്തോട് കൂറില്ലാത്തവരായി തീരുകയാണെങ്കില്‍ അതിന്റെ ഉത്തരവാദത്വം മുഴുവന്‍ ഈ രാജ്യത്തിന് തന്നെയായിരിക്കും". യാഥാര്‍ത്ഥത്തില്‍ അംബേദ്കര്‍ രാജ്യദ്രോഹിയെന്ന് വിളിക്കപ്പെട്ടത് ചിതറിക്കിടക്കുന്ന ഇന്ത്യയുടെ ഭൂരിപക്ഷ ജനസമൂഹത്തിന്റെ - അന്നോളം ശബ്മില്ലാത്ത ലക്ഷങ്ങളുടെ- ആദ്യ ദേശീയശബ്ദമായി മാറിയതിന്റെ പേരിലായിരുന്നു. ഇന്നത്തെ ഇന്ത്യയിലും ചിതറിക്കിടക്കുന്ന ബഹുജനതയുടെ ആത്മവികാരങ്ങളെ ഉറക്കെ പറയുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ അഭിമാനങ്ങളായ പല വ്യക്തികളും ഒരൊറ്റ നിമിഷംകൊണ്ട് ഹിന്ദുത്വ ശക്തികള്‍ക്ക് രാജ്യദ്രോഹികളായി മാറുന്നത്. ധബോൽക്കറും ഗോവിന്ദ് പൻസാരെയും ഖൽബുർഗിയും ഗൗരിലങ്കേഷും രാജ്യദ്രോഹികളായതുകൊണ്ടാണ് അവരെ കൊന്നുകളഞ്ഞത്. ജിഗ്നേഷ് മെവാനിയും കനയ്യകുമാറുമുൾപ്പെടെ കൊന്നുകളയേണ്ട രാജ്യദ്രോഹികളുടെ വലിയ ഒരു പട്ടിക ഇനിയും ഹിന്ദുത്വ ശക്തികളുടെ കയ്യിലുണ്ട്.

ഭാവിയിലെ ഹിന്ദു രാഷ്ട്രത്തിന് അനുയോജ്യമായ ഒരു പ്രജാസമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ ആശയവിത്തെറിയേണ്ട വയലുകള്‍ വിദ്യാലയങ്ങളാണെന്ന് സംഘപരിവാറിന് നന്നായി അറിയാം. രണ്ടാം വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് സര്‍വ്വ സന്നാഹങ്ങളോടെ ആരംഭിച്ച ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തുടര്‍ന്നുപോന്ന വിദ്യാഭ്യാസരംഗത്തെ കാവിവത്ക്കരണ പ്രവണതകള്‍ സ്‌കൂള്‍ തലം കടന്ന് ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെയും അന്താരാഷ്ട്ര നിലാവാരമുള്ള സര്‍വ്വകലാശാലകളെയും വരെ കീഴടക്കുകയാണ്. ഭീതിദമായ രീതിയില്‍ സങ്കുചിത ദേശീയബോധവും അശാസ്ത്രീയ മതചിന്തകള്‍ക്ക് അക്കാദമിക് പരിവേഷം നല്‍കുന്ന കേന്ദ്രങ്ങളുമായി അവയില്‍ പലതും മാറിക്കൊണ്ടിരിക്കുകയാണ്. ഗീതാപഠനവും ഗോമൂത്ര ഗവേഷണവുമാണ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് വന്നുചേര്‍ന്നിരിക്കുന്നു. വര്‍ഷങ്ങളായി ഹരിയാനപോലെയുള്ള സംസ്ഥാനങ്ങളില്‍ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകമാണ്. മറ്റൊരു മതഗ്രന്ഥവും അങ്ങനെയല്ലതാനും. അംബേദ്കര്‍ ഗീതയെപ്പറ്റി അനുയായികളോട് അസന്ദിഗ്ദ്ധമായി പറഞ്ഞ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. "നിങ്ങള്‍ ഈ ഗ്രന്ഥം ഒരു മാതൃകാഗ്രന്ഥമായി കരുതുകയാണെങ്കില്‍ നിങ്ങള്‍ക്ക് പുരോഗതി ഉണ്ടാകില്ല. ഈ ഗ്രന്ഥത്തില്‍ ശൂദ്രന്മാരെ പലവിധത്തിലും കുറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്തിട്ടുണ്ട്. ദളിതന്‍മാര്‍ എന്നും ദളിതന്‍മാരായരിരിക്കാനും അവരില്‍ അപകര്‍ഷതാബോധം വളര്‍ത്താനുമാണ് ശ്രമിച്ചത്. ഇത് മതഗ്രന്ഥമായി കരുതണമെന്ന് അവര്‍ തന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ഞാന്‍ അംഗീകരിക്കുകയില്ല. എനിക്ക് ഈ ഗ്രന്ഥങ്ങള്‍ മനസ്സിലാക്കണം. എന്നിട്ട് എന്റെ ആളുകളേയും അത് മനസ്സിലാക്കിക്കണം. അതാണ് എന്റെ ജീവിതോദ്ദേശം." ഗീതയടക്കമുള്ള ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയോടുള്ള സമ്പൂര്‍ണ്ണമായ വിയോജിപ്പും വെല്ലുവിളിയുമായിരുന്നു അംബേദ്കറുടെ ജീവിതം. അദ്ദേഹത്തെ സംഘപരിവാറിന്റെ കാവിക്കൊടി പിടിപ്പിക്കാനും ഹിന്ദുത്വപക്ഷക്കാരനായി അവതരിപ്പിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് പരിവാര്‍ ബുദ്ധിജീവികള്‍. ഇതിലൂടെ അവര്‍ ലക്ഷ്യം വക്കുന്നത് അംബേദ്കറെ അനുസ്മരിക്കുകയോ ആദരിക്കുകയോ ചെയ്യുക എന്നതല്ല, മറിച്ച് ഒരു കേവല ബിംബമാക്കി അദ്ദേഹത്തെ മാറ്റിത്തീര്‍ത്ത് ആശയപരമായി തമസ്‌ക്കരിക്കുക എന്നതാണ്.

അംബേദ്കറോടോ അദ്ദേഹം പ്രതിനിധാനം ചെയ്ത അസ്പൃശ്യ ജനതയോടോ ഇന്നും അല്പം പോലും അലിവില്ലാത്തവരായി തന്നെ ബ്രാഹ്മണിക ഹിന്ദുത്വം നിലകൊള്ളുന്നു. അതിന്റെ രാഷ്ട്രീയ രൂപമായ സംഘപരിവാറിന്റെ അധീനതയിലുള്ള ഗവണ്‍മെന്റുകളുടെ പശുരാഷ്ട്രീയം തന്നെയാണ് പ്രധാന തെളിവ്. ചത്ത പശുവിനെ ഏറ്റെടുക്കാന്‍ ബാധ്യതപ്പെട്ട മഹര്‍ സമുദായത്തിലായിരുന്നു അംബേദ്കറുടെ ജനനം. മഹറുകളും ഇന്ത്യയെമ്പാടുമുള്ള സമാനജാതിക്കാരും ഇന്നും പശുവിന്റെ പേരില്‍ പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നരേന്ദ്രമോദിയുടെ ഗുജറാത്തില്‍ ഉന പ്രക്ഷോഭത്തിന് ശേഷവും പശുരാഷ്ട്രീയം കൂടുതല്‍ രൗദ്രതയാര്‍ജ്ജിക്കുന്നതായാണ് കാണുന്നത്. 1954-ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഗോഹത്യ, ജീവപര്യന്തം തടവു അനുഭവിക്കുകയും ലക്ഷം രൂപ പിഴയടക്കുകയും ചെയ്യേണ്ട മാരകമായ കുറ്റമാക്കി മാറ്റിയിരിക്കുകയാണ്. മഹാവീര്‍ ജയന്തി ദിവസം ഇന്ത്യയൊട്ടാകെ ഗോവധം നിരോധിക്കണമെന്ന് ആര്‍. എസ്.എസ്. തലവന്‍ ആവശ്യപ്പെട്ടിരിക്കുന്നു. പശുക്കളെ കൊല്ലുന്നവരെ തൂക്കികൊല്ലണമെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങ് ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഭക്ഷണമായി, ബീഫുപയോഗിക്കുന്ന, അതുമായി ബന്ധപ്പെട്ട അടിസ്ഥാന തൊഴിലുകളിലേര്‍പ്പെടുന്ന വിഭാഗങ്ങള്‍ പൊതുവെ ദളിതരും മുസ്ലീമുകളുമാണെന്നിരിക്കെ ജീവപര്യന്ത തടവുകളും തൂക്കുകയറുകളും അവര്‍ക്കുവേണ്ടി മാത്രം നിര്‍മ്മിക്കുന്നതാണെന്ന് വ്യക്തം. നിയമവിരുദ്ധമായ സംഘം ചേരലുകളിലൂടെ "ഗോവിരുദ്ധര്‍ക്ക്" പരലോക പ്രാപ്തി നല്‍കുന്ന രക്ഷാസഭകളുടെയും നാട്ടുകൂട്ടങ്ങളുടെയും ഗുണ്ടാഇടപെടലുകള്‍ ഇതിനും പുറമെയാണ്. അനുദിനം അത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

പശുരാഷ്ട്രീയത്തിന്റെ ചരിത്രമാനങ്ങള്‍ ആദ്യം തിരഞ്ഞ ഗവേഷകരിലൊരാള്‍ അംബേദ്കറാണ്. ഹിന്ദുത്വ വാദികളെ എന്നും പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ "ഹിന്ദുമതത്തിലെ പ്രഹേളികൾ" എന്ന കൃതിയില്‍ പതിമൂന്നാമത്തേതായി അദ്ദേഹം അഹിംസയുടെ പ്രഹേളിക അവതരിപ്പിച്ചു. "സസ്യഭോജനം എന്നുമുതലാണ് ഇന്ത്യയില്‍ വന്നത്? അഹിംസ വ്യവസ്ഥാപിതമായ വിശ്വാസമായത് എന്നാണ്? ഈ ചോദ്യത്തിന്റെ ഔചിത്യം മനസിലാക്കാത്തവരുണ്ട്. സസ്യഭോജനവും അഹിംസയും ഇന്ത്യയില്‍ പുതിയ കാര്യങ്ങളല്ലെന്ന് അവര്‍ കരുതുന്നു. ഇന്നത്തെ ഹിന്ദുക്കളുടെ പൂര്‍വ്വസൂരികളായ പ്രാചീന ആര്യന്മാര്‍ ഇറച്ചി കഴിക്കുന്നവരെന്ന് മാത്രമല്ല മാട്ടിറച്ചി കഴിക്കുന്നവര്‍ കൂടിയായിരുന്നു." ഇന്ത്യയുടെ പ്രാചീന സംസ്‌കാരത്തില്‍ ഗോമാംസഭക്ഷണം കൂടി ഉള്‍പ്പെട്ടിരുന്നുവെന്ന് തെളിവുകൾ നിരത്തി സ്ഥാപിക്കുക മാത്രമല്ല അംബേദ്കര്‍ ചെയ്തത്. ഇന്ത്യയിലെ കീഴാള ജനതയുടെ അസ്പൃശ്യതയുടെ കാരണം ഗോമാംസ ഭക്ഷണശീലവുമായി ബന്ധപ്പെട്ടതാണെന്ന സിദ്ധാന്തവും അദ്ദേഹം മുന്നോട്ടുവച്ചു. ഈ വിഷയത്തിലെ സമഗ്രമായ പഠനമാണ് അംബേദ്കറുടെ "അസ്പൃശ്യര്‍ അവര്‍ ആരായിരുന്നു? എന്തുകൊണ്ട് അവര്‍ അസ്പൃശ്യരായി തീര്‍ന്നു?" എന്ന ഗ്രന്ഥം. ബുദ്ധമതത്തെ മറികടക്കാനുള്ള ബ്രാഹ്മണിക തന്ത്രമായിരുന്നു പശുവിന്റെ വിശുദ്ധീകരണമെന്ന് അദ്ദേഹം വിശദീകരിച്ചു. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പരാമര്‍ശത്തെ വികലമായി വളച്ചൊടിച്ചുകൊണ്ടാണ് ബ്രാഹ്മണിക ശക്തികള്‍ പശുരാഷ്ട്രീയം നിയമവിധേയമാക്കുന്നത് എന്നത് യഥാര്‍ത്ഥത്തില്‍ ഭരണഘടനയോട് മാത്രമല്ല അംബേദ്കറോടും കൂടിയുള്ള അവഹേളനമാണ്.

ബാബസാഹേബ് അംബേദ്കറെ പറ്റി അതിവൈകാരികമായി പ്രസംഗിക്കുകയും അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ "ആപ്പ്" വരെ പുറത്തിറക്കിയെന്ന് അവകാശപ്പെടുകയും ചെയ്യുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും അംബേദ്കറുടെ ചിന്തകളെ ഓരോ നിമിഷവും അട്ടിമറിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള പിന്നോക്ക സംവരണം റദ്ദാക്കിയത് നരേന്ദ്രമോദിയുടെ പാർട്ടി ഭരിക്കുന്ന സർക്കാരാണ്. എല്ലാതരത്തിലും സ്ത്രീകളെ രണ്ടാം പൗരന്മാരാക്കി താഴ്ത്തുന്ന നടപടികള്‍ സ്വീകരിച്ചും വ്യക്തിസ്വാതന്ത്യങ്ങളെ ഇല്ലാതാക്കിയും ബഹുസ്വരതയെ നശിപ്പിച്ചും സംഘപരിവാര്‍ മുന്നോട്ടു പോവുകയാണ്. സംവരണവും സ്ത്രീ തുല്യതയും മുതല്‍ കാശ്മീരും പാകിസ്ഥാനും വരെയുള്ള വിഷയങ്ങളില്‍ അംബേദ്കറുടെ വിരുദ്ധപക്ഷത്താണ് എന്നും സംഘപരിവാര്‍. ചത്ത പശുവിന്റെ തോലുരിഞ്ഞതിന്റെ പേരിലും ചത്ത പശുവിനെ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതിന്റെ പേരിലും ഹിന്ദുത്വം ദളിതന്റെ തോലുരിയുന്നത് തുടരുകയാണ്. ലോകമെമ്പാടുമുള്ള മതവിശ്വാസികൾ പലനിലകളില്‍ ദൈവരാജ്യം വരേണമേയെന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ "പശുവിന്റെ രാജ്യം വരേണമേ..." എന്നാണ് സംഘികളുടെ പ്രാര്‍ത്ഥന ! പശുവിന്റെ രാജ്യം വന്നേക്കാം, പക്ഷെ പശുവിന്റെ രാജ്യവും അംബേദ്കറുടെ രാജ്യവും ഒരുമിച്ചു വരില്ല.