യു.പിയിൽ പീഡിപ്പിക്കപ്പെട്ട ദളിത് യുവതി ആത്മഹത്യ ചെയ്തു

#

മു​സാ​ഫ​ർ​ന​ഗ​ർ (14-04-18)  : യു.പിയിലെ മുസാഫർനഗറിൽ പീഡനത്തിരയായ യുവതി ആത്മഹത്യ ചെയ്തു. ദളിത് വിഭാഗത്തിൽ പെട്ട യുവതി നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസ് തയ്യാറാകാത്തതിനെ തുടർന്നാണ് ആത്മഹത്യ. ഇഷ്ടികക്കളത്തിൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന യു​വ​തി​യെ ര​ണ്ടു പേ​ർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിയും ഭർത്താവും കൂടി പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകിയെങ്കിലും ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. വീടിനുള്ളിൽ യുവതി തൂങ്ങിമരിച്ചതോടെ പ്രതിരോധത്തിലായ സംസ്ഥാന സർക്കാർ ഒരു പോലീസ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൂരമായ സ്ത്രീപീഡനങ്ങൾ നിത്യ സംഭവമാകുകയാണ്. ജമ്മുവിലെ കത്തുവയിൽ 8 വയസ്സുള്ള കുട്ടി കൂട്ടബലാൽസംഗത്തിനിരയാവുകയും ഉത്തർപ്രദേശിലെ ഉന്നോവയിൽ 17 വയസ്സുകാരിയെ ബലാൽസംഗം ചെയ്ത എം.എൽ.എ യെ സർക്കാർ സംരക്ഷിക്കുകയും ചെയ്ത സംഭവങ്ങൾ സൃഷ്ടിച്ച രോഷം ആളിക്കത്തിനിൽക്കുമ്പോഴാണ് മുസാഫർനഗറിൽ ദളിത് യുവതിയുടെ ആത്മഹത്യ ഉണ്ടായത്.  പോലീസും ഭരണകൂടവും പീഡിപ്പിക്കുന്നവരോടൊപ്പം നിൽക്കുന്ന ഭീകര സ്ഥിതിവിശേഷമാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നത്.