ആധുനിക ഇന്ത്യ അഥവാ ആര്‍.എസ്.എസ് മുക്ത ഇന്ത്യ

#

(14-04-18) : ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബി.ജെ.പി അധികാരത്തിലെത്തിയതിനെ തുടര്‍ന്ന്, ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അഭൂതപൂര്‍വ്വമാംവിധം പെരുകിയിരിക്കുകയാണ്. മിക്ക കുറ്റകൃത്യങ്ങളിലും പ്രതിസ്ഥാനത്തുള്ളത് ബി.ജെ.പിയുടെ നേതാക്കളോ ജനപ്രതിനിധികളോ ആണ്. ഏതാനും ചില സ്ഥിതിവിവരകണക്കുകള്‍ നോക്കുക.

1. 24 കാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഗുജറാത്തിലെ ബി.ജെ.പി നേതാവായ ശാന്തിലാല്‍ സോളങ്കിയെ അറസ്റ്റ് ചെയ്തു. (The Hindu, Feb:8, 2017)

2. ഗുജറാത്തിലെ സ്വകാര്യസര്‍വ്വകലാശാലാ സ്ഥാപകനും ബി.ജെ.പി നേതാവുമായ ജയേഷ് പട്ടേല്‍, സ്വന്തം സ്ഥാപനത്തിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായി (The indian Express, June:20, 2016)

3. കര്‍ണാടകയിലെ മുന്‍ ബി.ജെ.പി മന്ത്രിയായ ഹാലപ്പ, സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായി. (Times Of India, may:9, 2010)

4. കര്‍ണാടകയിലെ ചിക്കമംഗലൂരില്‍ 23 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ബി.ജെ.പിയുടെ എം.എല്‍.എ അറസ്റ്റില്‍. (Times of India, Nov:8, 2013)

5. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ മധു ചവാന്‍ അറസ്റ്റിലായത്, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിന്. (India Today, May : 9, 2013)

6. ദളിത് യുവതിയെ ബലാത്സംഗം ചെയ്തതിന് മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍. (Hindustan Times, March:1, 2017)

7. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ അനില്‍ ബോസ്‌ലെ, ബലാത്സംഗത്തിന് അറസ്റ്റിലായി. (Times of India, Jan:20, 2017)

8. മധ്യപ്രദേശില്‍ ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍ (Deccan Chronicle, Dec:18, 2016)

9. മധ്യപ്രദേശിലെ ബി.ജെ.പി മുന്‍മന്ത്രിയായ രാഘവ്ജി ബലാത്സംഗത്തിന് അറസ്റ്റിലായി. (NDTV, July:20, 2013)

10. ഡെറാഡൂണിലെ ബി.ജെ.പി നേതാവായ പ്രമോദ് ഗുപ്തയെ ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു(Zee News, Sep:26, 2013)

ഇന്ത്യയിലെ മതേതര രാഷ്ട്രീയപാര്‍ട്ടികള്‍ ക്ഷയിക്കുകയും ബി.ജെ.പി വളരുകയും ചെയ്തതിന്റെ ഫലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു "പ്രവണത"യാണ് മുകളിലുദ്ധരിച്ച സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നത്. ആധുനികവും മാനവികവുമായ ഭാവിയിലേക്കു വികസിക്കാനാഗ്രഹിക്കുന്ന ഏതൊരു സമൂഹവും, അതിന്റെ ഭൂതകാല തിന്മകളും പ്രാകൃതത്വവും ആഴത്തില്‍ കുഴിച്ചുമൂടേണ്ടത് അനിവാര്യമാണ്. 1947 ഓഗസ്റ്റ് 15 ന് അര്‍ദ്ധരാത്രിയില്‍ ഇന്ത്യ പിറന്നു വീണത്, സഹസ്രാബ്ദങ്ങളിലൂടെ ഘനീഭൂതമായ "ജാതിതിന്മ"യുടെ പ്രതിരൂപമായ സാമൂഹ്യവ്യവസ്ഥയും ആധുനിക മതേതര-പാര്‍ലമെന്ററി ഭരണകൂട സംവിധാനവും തമ്മിലുള്ള "സഹവര്‍ത്തിത്വ"ത്തിലേക്കാണ്. ഭരണകൂട വ്യവസ്ഥയുടെ ഭാഗമായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്, ഒരു പരിധിവരെ അവയുടെ സാമൂഹ്യഭൂതകാലത്തില്‍ നിന്ന് വിച്ഛേദിച്ചു മാറാനും സ്വയം ആധുനികവല്‍കരിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയരക്ഷാകര്‍തൃത്വം നഷ്ടപ്പെട്ട "പ്രാകൃതജാതി ഇന്ത്യ"യുടെ പുതിയ "ഒളിത്താവളങ്ങള്‍" കണ്ടെത്താനും ആക്രമിച്ചു തകര്‍ക്കാനും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരാജയപ്പെടുകയാണുണ്ടായത്.

18-ാം നൂറ്റാണ്ടില്‍, ബ്രിട്ടീഷ്ഭരണം സ്ഥാപിതമായ കാലം തൊട്ടുതന്നെ ഈ "പ്രാകൃതജാതി ഇന്ത്യ" പുനരുജ്ജീവനത്തിനും പുനരധിവാസത്തിനും വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷുകാര്‍ ഇവിടെ ആവിഷ്‌കരിച്ച ആധുനിക ഭരണകൂട-നീതിന്യായവ്യവസ്ഥയ്ക്കും  ശാസ്ത്രീയ വിദ്യാഭ്യാസ സമ്പ്രദായത്തിനും, മാനവചരിത്രത്തിലെ ഏറ്റവും പ്രാകൃതമായ ഹിന്ദു ജാതി വ്യവസ്ഥയുടെ പല ചിറകുകളും അരിഞ്ഞു വീഴ്ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തിന്മയുടെയും പ്രാകൃതത്വത്തിന്റെയും ദൈവശാസ്ത്രരൂപമായ ഹിന്ദുയിസം, 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആര്‍.എസ്.എസ് എന്ന "അശ്ലീലത"യായി പുനര്‍ജനിക്കുകയാണുണ്ടായത്. ഇന്ത്യയുടെ ഭൂതകാലത്തിലെ സകലമാന തിന്മകളുടെയും കുറ്റവാസനകളുടെയും അക്രമോത്സുകതയുടെയും പ്രാകൃത്വത്തിന്റെയും സംഘടിതരൂപമെന്ന നിലയ്ക്കാണ് 1925 ല്‍ ആര്‍.എസ്.എസ് രൂപം കൊണ്ടത്. ആര്‍.എസ്.എസ്സിനെപ്പോലെ ഒരു "സംഘടിത തിന്മ"യുമായി സഹവര്‍ത്തിക്കാന്‍ ഒരു ആധുനികസമൂഹത്തിനും സാധ്യമല്ല. ഈ സംഘടിത തിന്മയെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതിനുപകരം, സ്വന്തം സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്ന നയമാണ് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. 1925 മുതല്‍ 1947 വരെയുള്ള ആര്‍.എസ്.എസ് ചരിത്രം ഒറ്റു കൊടുക്കലിന്റേതും നാണംകെട്ട വിടുപണിയുടേതുമാണ്. ബ്രിട്ടന്റെ ഔദാര്യം കൊണ്ടു മാത്രം അതിജീവിച്ച ആര്‍.എസ്.എസ്, സ്വതന്ത്രഇന്ത്യയില്‍ "തിന്മയുടെ"യും കുറ്റകൃത്യത്തിന്റെയും അധോലോകമായി മാറുകയാണുണ്ടായത്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത്, ഭയം കൊണ്ടു മാത്രം മറച്ചുവെച്ചിരുന്ന "കൊടും തിന്മവാസനകള്‍", സ്വാതന്ത്ര്യലബ്ധിയോടെ പുറത്തുചാടാന്‍ തുടങ്ങി. ആര്‍.എസ്.എസ് എന്ന ചെകുത്താനെ ആര്‍ക്കും നിയന്ത്രിക്കാനാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഗാന്ധിവധം.

നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള മതേതരഗവണ്‍മെന്റിന് ഗാന്ധിവധം വലിയൊരവസരമായിരുന്നു. "പ്രാകൃതജാതി ഇന്ത്യ"യെ എന്നന്നേക്കുമായി കുഴിച്ചുമൂടാന്‍ കിട്ടിയ ഈ സുവര്‍ണാവസരം ഫലപ്രദമായി വിനിയോഗിക്കപ്പെട്ടിരുന്നെങ്കില്‍, ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. മാനുഷികമായ യാതൊരു പരിഗണനയും അര്‍ഹിക്കുന്നവരല്ല ആര്‍.എസ്.എസ്സുകാര്‍. അവരെ "മനുഷ്യരൂപമാര്‍ജിച്ച തിന്മ" (Evil Incarnate)യായി കാണാനും തുടച്ചുനീക്കാനും നെഹ്‌റുഗവണ്‍മെന്റ് തയ്യാറാകണമായിരുന്നു.

ആധുനിക ഇന്ത്യാനിര്‍മ്മിതിയുടെ അനിവാര്യമുന്നുപാധി "ആര്‍.എസ്.എസ് മുക്ത ഇന്ത്യ"യാണെന്ന യാഥാര്‍ത്ഥ്യം വേണ്ടത്ര ഗൗരവത്തോടെ തിരിച്ചറിയാന്‍ നെഹ്‌റുവിന് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ആര്‍.എസ്.എസ് പ്രതിനിധീകരിക്കുന്ന "പ്രാകൃതജാതി ഇന്ത്യ"യ്ക്കും നെഹ്‌റുപ്രതിനിധാനം ചെയ്ത "ആധുനിക മതേതര ഇന്ത്യ"യ്ക്കും ഒരു ഭൂപ്രദേശത്ത് സഹവസിക്കുക തികച്ചും അസാധ്യമാണ്. നെഹ്‌റുവിനുശേഷം വന്ന കോണ്‍ഗ്രസ് ഭരണാധികാരികള്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുക മാത്രമല്ല, "പ്രാകൃതജാതി ഇന്ത്യ"യുമായി പല തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറായിട്ടുണ്ട്. വാസ്തവത്തില്‍, "മൃദുഹിന്ദുത്വം" പേരു സൂചിപ്പിക്കുന്നതുപോലെ, അത്ര മൃദുവല്ല. കാരണം, അത് ഫലത്തില്‍, "പ്രാകൃതജാതി ഇന്ത്യ"യെ പലതരത്തില്‍ സാധൂകരിക്കുകയാണ് ചെയ്യുന്നത്. സമീപകാലത്ത് ഇടതു-പുരോഗമവേഷധാരികളായ ചിലര്‍ നടത്തുന്ന മഹാഭാരത-രാമായണ കഥാപ്രസംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ "പ്രാകൃതജാതി ഇന്ത്യ"യ്ക്ക് മാന്യത നല്‍കുന്ന ധര്‍മ്മമാണ് നിര്‍വഹിക്കുന്നത്. ആധുനിക ഇന്ത്യയുടെ അധോലോകത്ത്, തിരിച്ചുവരവിനായി നുരഞ്ഞു പൊന്തിക്കൊണ്ടിരിക്കുന്ന "പ്രാകൃതജാതി ഇന്ത്യ"യോടുള്ള ഏതൊരു മൃദുത്വവും അശ്ലീലമാകുന്നത് അതുകൊണ്ടാണ്.

ബി.ജെ.പിയുടെ രാഷ്ട്രീയാധിപത്യം കുറ്റകൃത്യങ്ങളുടെ വന്‍തോതിലുള്ള പെരുകലിന് കാരണമായിരിക്കുകയാണ്. ബി.ജെ.പിയ്ക്കു ആധിപത്യവും അധികാരവും ലഭിച്ചിട്ടുള്ള സംസ്ഥാനങ്ങളിലെല്ലാം, ഇവരുടെ എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരും ബലാത്സംഗക്കേസുകളില്‍ പ്രതികളാകുന്ന വാര്‍ത്തകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിയും കുറ്റകൃത്യവും തമ്മിലുള്ള ഈ ഗാഢബന്ധം നാമെങ്ങനെയാണ് വിശദീകരിക്കുക?

ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും കുറ്റവാളികളുണ്ട്. എന്നാല്‍, ഇത്തരം കുറ്റവാളികള്‍ക്കും ബലാത്സംഗക്കാര്‍ക്കും ഈ പാര്‍ട്ടികളില്‍ നിര്‍ണായക സ്വാധീനമോ സാമൂഹ്യമാന്യതയോ ലഭിച്ചിരുന്നില്ല. എന്നാല്‍, ബി.ജെ.പിയുടെ ആധിപത്യം കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയസംരക്ഷണവും സാമൂഹ്യമാന്യതയും നല്‍കുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് കേന്ദ്രവും സംസ്ഥാനങ്ങളും ഭരിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍, ഒരു പരിധിവരെയെങ്കിലും പ്രാകൃത-ജാതി-ഫ്യൂഡല്‍ മൂല്യങ്ങളെ നിലയ്ക്കുനിര്‍ത്താനും ഇന്ത്യയെ ആധുനികവല്‍കരിക്കാനും ശ്രമിച്ചിട്ടുണ്ട്. അവസരവാദപരമായ വിട്ടുവീഴ്ചകള്‍ക്ക് ഈ പാര്‍ട്ടികള്‍ പലപ്പോഴും വിധേയമായിട്ടുണ്ടെങ്കിലും ആധുനിക മതേതര-ശാസ്ത്രീയ മൂല്യങ്ങളോടുള്ള പ്രതിബദ്ധത തത്വത്തിലെങ്കിലും ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഈ മതേതരപാര്‍ട്ടികളുടെ ഭരണത്തിന്‍ കീഴില്‍ പ്രകാശനവിധങ്ങള്‍ നഷ്ടപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്ന അതിപ്രാകൃത-ജാതി-ഫ്യൂഡല്‍ ശക്തികള്‍, ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യസമരകാലത്തു തന്നെ, ആധുനിക ജനാധിപത്യ സംവിധാനങ്ങളോടും ശാസ്ത്രത്തോടും പൊരുത്തപ്പെടാനാവാത്ത ഒരു "പ്രാകൃതജാതി ഇന്ത്യ" ആര്‍.എസ്.എസ്സിലൂടെ സംഘടിതരൂപം ആര്‍ജിച്ചിരുന്നു. ഈ "പ്രാകൃതജാതി ഇന്ത്യ"യെ ഒരു പരിധിവരെ മെരുക്കിനിര്‍ത്താനും ചിലപ്പോഴൊക്കെ അടിച്ചമര്‍ത്താനും ബ്രിട്ടീഷുകാര്‍ ശ്രമിച്ചതുകൊണ്ടാണ്, യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് വളരുകയും ദേശീയ പ്രസ്ഥാനം സജീവമാവുകയും ചെയ്തത്. സ്വതന്ത്ര ഇന്ത്യയില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിനു സംഭവിച്ച ഏറ്റവും വലിയ പരാജയം "പ്രാകൃതജാതി ഇന്ത്യ"യെ നിശ്ശേഷം ഇല്ലായ്മ ചെയ്യാതെ, ഒരു ആധുനിക ഇന്ത്യ സാധ്യമല്ലെന്നു മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ്. സ്വാതന്ത്ര്യാനന്തര നെഹ്‌റുഗവണ്‍മെന്റ് ഏറ്റവുമധികം ഊന്നല്‍ നല്‍കേണ്ടിയിരുന്നത്, "പ്രാകൃതജാതി ഇന്ത്യ"യെയും അതിന്റെ "സംഘടനാ രൂപമായ" ആര്‍.എസ്.എസ്സിനെയും അടയാളങ്ങള്‍ പോലുമവശേഷിക്കാതെ തുടച്ചുനീക്കുകയെന്നതിനായിരുന്നു.