അംബേദ്കർ ജയന്തി സമ്മേളനം അധികൃതർ തടഞ്ഞു

#

കൊച്ചി (14-04-18) : വടയമ്പാടി കോളനി സംരക്ഷണ സമിതി നടത്താൻ നിശ്ചയിച്ച അംബേദ്‌കർ ജയന്തി സമ്മേളനം അധികൃതർ തടഞ്ഞു. കാലങ്ങളായി ദളിത്‌കോളനി നിവാസികള്‍ ഉപയോഗിച്ചുവരുന്ന റവന്യൂപുറമ്പോക്ക് മൈതാനത്ത് വെച്ച് അംബേദ്കര്‍ ദര്‍ശനോത്സവം നടത്തുന്നതിന് വടയമ്പാടി കോളനി സംരക്ഷണസമിതി മൂന്നാഴ്ച മുമ്പ്  ജില്ലാ കളക്ടറോട് അനുമതി വാങ്ങിയിരുന്നു. ആ അനുമതിയുടെ അടിസ്ഥാനത്തിൽ യോഗം നടത്തുന്നതിനെയാണ് തഹസീൽദാരും പോലീസും തടഞ്ഞത്. കെ.പി.എം.എസിന്റെ കൈവശമുള്ള റവന്യൂപുറമ്പോക്ക് ഭൂമിയില്‍ പന്തല്‍ കെട്ടി യോഗം നടത്തുന്നതിനു മുന്നോടിയായി സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജയെക്കൊണ്ട് മൈതാനത്ത് വച്ച് ഉദ്ഘാടനം നടത്തിയതിനുശേഷം നിര്‍ദ്ദിഷ്ടപന്തലില്‍ സമ്മേളനം തുടരാനനുവദിക്കണമെന്ന ആവശ്യം സംഘടനാ നേതാക്കള്‍ ഉന്നയിച്ചു. പോലീസും തഹസീല്‍ദാരും അതും അനുവദിക്കാന്‍ തയ്യാറായില്ല . ജാതിമതില്‍ തകര്‍ത്തതിനു ശേഷം കനത്ത പോലീസ് രാജിന്റെ കീഴില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ക്ക് വിധേയമായ കോളനി നിവാസികള്‍ക്കിടയില്‍ ഇത് കനത്ത അമര്‍ഷത്തിനിടയാക്കി. ദളിതര്‍ മൈതാനം കൈയ്യേറുമെന്ന കാണിച്ച് എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ച് സമ്മേളനം നിരോധിക്കാനുള്ള കേസ് നല്‍കിയതോടെ കാര്യങ്ങള്‍ കൈവിടുന്ന നിലയിലായി.

റോഡില്‍വെച്ച് ബാബ സാഹിബ് അംബേദ്കറുടെ ചിത്രം  പുഷ്പാര്‍ച്ചന നടത്തി. പ്രതിഷേധപ്രകടനം നടത്തിയതിനുശേഷം സമ്മേളനം വേണ്ടെന്നു വയ്ക്കാൻ സമരസമിതി തീരുമാനിച്ചു. പൊതുമൈതാനം പൊതു ഉടമസ്ഥതയിലാക്കാൻ ഇടതുസര്‍ക്കാര്‍ തയ്യാറാത്തതില്‍ ആനിരാജ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.മഹാനായ അംബേദ്കറുടെ ജയന്തി റോഡില്‍വെച്ച് നടത്തേണ്ടി വന്നത് ലജ്ജാകരമാണെന്നും  ഇതിന് കാരണക്കാരായ അധികാരകിള്‍ക്ക് മാപ്പില്ലെന്നും ആനിരാജ പറഞ്ഞു.

ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമെന്ന്  പോലീസ് രഹസ്യ ഇന്റെലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടെന്ന കാരണം പറഞ്ഞ് മൈതാനത്ത് സമ്മേളനം നടത്തുന്നത് വിലക്കി മറ്റൊരുസ്ഥലത്ത് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍.എസ്.എസ് കരയോഗത്തിന്റെ താല്പര്യപ്രകാരമാന് പോലീസ് പെരുമാറിയതെന്ന് വടയമ്പാടി ജാതിമതിൽ വിരുദ്ധ സമിതി ആരോപിച്ചു. സംഘടനാനേതാക്കളെ മുവാറ്റുപുഴ ആര്‍.ഡി.ഒ ഓഫീസില്‍ വിളിച്ചുവരുത്തി 2 മണിക്കൂറിനുള്ളില്‍ യോഗം അവസാനിപ്പിക്കണമെന്നും സ്ഥലത്ത് ഭക്ഷണം പാകം ചെയ്യരുതെന്നും പരിപാടിയുടെ വീഡിയോ പോലീസ് എടുക്കുന്ന ചിലവ് വഹിക്കണമെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം വഹിക്കുന്നതിനായി സത്യവാങ്മൂലം ഒപ്പിട്ട് കൊടുക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയായിരുന്നു.