സമരത്തിലുറച്ച് ഡോക്ടര്‍മാര്‍ : നേരിടാന്‍ സര്‍ക്കാര്‍

#

തിരുവനന്തപുരം (16-04-18) : സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സമരം നാലാംദിവസത്തേക്ക് കടന്നെങ്കിലും ഒത്തുതീര്‍പ്പിനുള്ള സാധ്യത തെളിയുന്നില്ല. പ്രവൃത്തിസമയം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് സമരരംഗത്തുള്ള ഡോക്ടര്‍മാര്‍. അതേസമയം സമരം അവസാനിപ്പിച്ചല്ലാതെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു.

എസ്മ ഉള്‍പ്പെടെയുള്ള നിമയങ്ങള്‍ നടപ്പാക്കുകകയോ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുകയോ പോലുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉടനുണ്ടാകില്ല. ശക്തമായ സാമൂഹ്യ സമ്മര്‍ദ്ദം സൃഷ്ടിച്ച് സമരക്കാരെ പ്രതിരോധത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുന്‍കൂട്ടി  നോട്ടീസ് നല്‍കാതെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഏകപക്ഷീയമായി  സമരത്തിലേക്ക് നീങ്ങിയത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സമരത്തിന്റെ നേതൃത്വത്തില്‍ നിൽക്കുന്ന ഡോക്ടര്‍മാരെ സ്ഥലം മാറ്റുക തുടങ്ങിയ നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സമരം നേരിടാന്‍ ഉചിതമായ ഏതു നടപടിയും സ്വീകരിക്കാനുള്ള അനുമതി ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് മന്ത്രിസഭ നല്‍കി.

ഭരണകക്ഷി യുവജന സംഘടനകളെ രംഗത്തിറക്കി സമരത്തിന് എതിരായ ശക്തമായ പ്രചരണവും പ്രതിരോധവും സംഘടിപ്പിക്കാന്‍ ഇടതുമുന്നണി ആലോചിക്കുന്നുണ്ട്. പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളുടെ പിന്തുണയോടെ ശക്തമായ സാമൂഹ്യസമ്മര്‍ദ്ദം സൃഷ്ടിച്ച് സമരക്കാരെ പിന്തിരിപ്പിക്കാനാണ് നീക്കം.