സംഘപരിവാറിനെതിരേ ജനരോഷം ആളിപ്പടരുന്നു

#

ന്യൂഡല്‍ഹി (16-04-18) : ജമ്മുവിലെ കത്തുവയില്‍ 8 വയസ്സുള്ള കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊല ചെയ്ത സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം ആളിക്കത്തുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളുരു, തിരുവനന്തപുരം, ഭോപ്പാല്‍,  ഭുവനേശ്വര്‍, ചണ്ടീഗഢ് തുടങ്ങി എല്ലാ പ്രധാനനഗരങ്ങളിലും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത വന്‍ പ്രതിഷേധപരിപാടികളാണ് നടക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടെയോ ആഹ്വാനമില്ലാതെ തന്നെ തെരുവിലിറങ്ങിയ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും സഘപരിവാറിനും എതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും ആസൂത്രണം ചെയ്താണ് ബലാത്സംഗങ്ങളും പീഡനങ്ങളും നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

ബലാത്സംഗത്തോടോ കൊലപാതകത്തോടോ ഉള്ള പ്രതിഷേധമെന്നതിലുപരി ബലാത്സംഗത്തെ ആയുധമാക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റമായി മാറുകയാണ്. സാധാരണഗതിയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങാത്തവര്‍ വരെ തെരുവുകളില്‍ പ്രതിഷേധവുമായി എത്തുന്നു. ഡല്‍ഹിയില്‍ സംസ്ഥാന വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷ നടത്തുന്ന നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. മുംബൈയിലെ പ്രതിഷേധങ്ങളില്‍ പങ്കുചേരാന്‍ നടി പ്രിയങ്കാ ചോപ്രയും സംവിധായിക ഏകത കപൂറും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കത്തുവയിലും ഉന്നോവയിലും പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ കുടുംബങ്ങളോട് മാപ്പ് അപേക്ഷിക്കണമെന്ന് വിരമിച്ച 49 ഐ.എ.എസ് ഉദ്യാഗസ്ഥര്‍ ഒരു തുറന്ന കത്തില്‍ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു. കത്തുവയിലെ പീഡനത്തെ പല തരത്തില്‍ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്ന സംഘപരിവാര്‍ വക്താക്കള്‍ക്ക് എതിരേ ശക്തമായ ജനരോഷമാണുയരുന്നത്. മുമ്പൊരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഈ ജനരോഷത്തെ നേരിടാന്‍ കഴിയാതെ കുഴങ്ങുകയാണ് ബി.ജെ.പി നേതൃത്വം.