കത്തുവ ബലാത്സംഗ ഭീഷണിക്കെതിരേ അഭിഭാഷക സുപ്രീംകോടതിയില്‍

#

ന്യൂഡല്‍ഹി (16-04-18) : ജമ്മുവിലെ കത്തുവയില്‍ ക്രൂരമായ ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെട്ട 8 വയസ്സുകാരിയുടെ അഭിഭാഷക ദീപിക സിംഗ് രജാവത്തിന് ബലാത്സംഗ ഭീഷണി. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദീപിക രജാവത് അറിയിച്ചു. കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തന്നെ അനുവദിക്കില്ലെന്ന് ഭീഷണിയുണ്ടെന്നും താന്‍ സാമൂഹ്യ ബഹിഷ്‌കരണം നേരിടുകയാണെന്നും ദീപിക പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ വോയ്‌സ് ഫോര്‍ റൈറ്റ്‌സ് എന്ന സംഘടനയുടെ അദ്ധ്യക്ഷയാണ് ദീപിക. കേസില്‍ ഹാജരാകാതിരിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ദീപിക വെളിപ്പെടുത്തി. ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് നേരിട്ട് തന്നെ ദീപികയെ ഭീഷണിപ്പെടുത്തുകയുണ്ടായി. ഭീഷണിയെക്കുറിച്ച് ജമ്മുകാശ്മീര്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസിന് കോടിതിയില്‍ ദീപികയ്ക്ക് സുരക്ഷ ഉറപ്പാക്കുകയായിരുന്നു.

ജമ്മുകാശ്മീരിന് പുറത്തുള്ള ഒരു കോടതി ഈ കേസ് പരിഗണിക്കണമെന്ന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം കോടതി ഇന്ന് ഉച്ചതിരിഞ്ഞ് പരിഗണിക്കും.