സംഘടനകൾ ആഹ്വാനം ചെയ്യാത്ത ഹർത്താലിന് ഭാഗിക പ്രതികരണം

#

തിരുവനന്തപുരം (16-04-18) : പ്രത്യേകിച്ച് ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചരണങ്ങളിലൂടെ പ്രഖ്യാപിക്കപ്പെട്ട "ജനകീയ" ഹർത്താൽ സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഭാഗിക പ്രതികരണം സൃഷ്ടിച്ചു. ജമ്മു കാശ്മീരിലെ കത്തുവയിൽ 8 വയസ്സുള്ള കുട്ടി കൂട്ട ബലാൽസംഗത്തിന്ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ജനകീയ ഹർത്താൽ ആചരിക്കണമെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്നത്. മലബാറിലെ പല പ്രദേശങ്ങളിലും കടകമ്പോളങ്ങൾ തുറന്നില്ല. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തടയാൻ ശ്രമങ്ങളുണ്ടായി. മലപ്പുറത്ത് മുസ്‌ലിം ലീഗ് ശക്തികേന്ദ്രങ്ങളിൽ ഹർത്താൽ ജന ജീവിതത്തെ ബാധിച്ചു. പല സ്ഥലങ്ങളിലും എസ്ഡിപിഐ പ്രവർത്തകർ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും ചെയ്തു.

കോഴിക്കോട്ട് വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു. പോലീസ് സ്ഥലത്തെത്താൻ താമസിച്ചതിനാൽ അന്തർസംസ്ഥാന ദീർഘദൂര ബസുകളടക്കം തടയപ്പെട്ടു. മലപ്പുറത്ത് സ്വകാര്യ ബസുകൾ നിരത്തിലിറക്കിയില്ല. കണ്ണൂരിലും കാസർകോട്ടും പല സ്ഥലങ്ങളിലും കടകൾ തുറന്നില്ല. വാഹന ഗതാഗതവും തടസ്സപ്പെട്ടു. തെക്കൻ കേരളത്തിൽ കൊല്ലത്ത് മാത്രമാണ് ഹർത്താലിന് അനുകൂല പ്രതികരണമുണ്ടായത്. നഗരത്തിൽ ഹർത്താൽ അനുകൂലികൾ കട അടപ്പിച്ചു. തലസ്ഥാനത്ത് ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല.