മെക്ക മസ്ജിദ് സ്‌ഫോടനം : എല്ലാ പ്രതികളെയും വെറുതേ വിട്ടു

#

ഹൈദരാബാദ് (16-04-18) : ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതികളായ എല്ലാവരെയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രത്യേക കോടതിയാണ് 2007 ലെ സ്‌ഫോടനക്കേസ് പ്രതികളായ 5 പേരെയും വെറുതേ വിട്ടത്. സമാനമായ 3 കേസുകളില്‍ പ്രതിയായ സ്വാമി അസീമാനന്ദും വിട്ടയയ്ക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2007 മേയ് 18 നായിരുന്നു 9 പേര്‍ കൊല്ലപ്പെട്ട മെക്ക മസ്ജിദ് സ്‌ഫോടനമുണ്ടായത്. 50 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു.

ആരോപിക്കപ്പെട്ട ഒരു കുറ്റവും തെളിയിക്കാന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ പ്രതിയായിരുന്ന മധ്യപ്രദേശിലെ സുനില്‍ജോഷി എന്നയാള്‍ അന്വേഷണഘട്ടത്തില്‍ കൊല ചെയ്യപ്പെടുകയുണ്ടായി. രണ്ടു പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഹൈദരാബാദ് പോലീസ് 100 മുസ്ലീം യുവാക്കളെ പ്രതികളെന്ന പേരില്‍ അറസ്റ്റ് ചെയ്യുകയും ഹര്‍കതുള്‍ ജിഹാദ് ഇസ്ലാമി എന്ന സംഘടനയെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്ത കേസ് 2010 ല്‍ സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ കേസ് ഏറ്റെടുക്കും മുമ്പ് തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലീം യുവാക്കളെ വിട്ടയച്ചിരുന്നു. 2011 ലാണ് സി.ബി.ഐയില്‍ നിന്ന് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തത്.