ഡോക്ടര്‍മാരുടെ സമരം തീരാന്‍ സാധ്യത

#

തിരുവനന്തപുരം (16-04-18) : സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കാന്‍ സാധ്യത. സമരത്തെ ശക്തമായി നേരിടുമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ എങ്ങനെയും സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍. മുഖം രക്ഷിച്ച് ഒരു ഒത്തുതീര്‍പ്പുണ്ടാക്കി സമരം അവസാനിപ്പിക്കാനാണ് സമരക്കാരുടെ ശ്രമം.

ആരോഗ്യമന്ത്രിയുമായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഒഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്തു നല്‍കി. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സമരനേതാക്കളെ വൈകിട്ട് കൂടിക്കാഴ്ചയ്ക്ക് വിളിക്കുമെന്നാണ് പ്രതീക്ഷ. സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നതോടെയാണ് മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ച് കത്ത് നല്‍കാന്‍ കെ.ജി.എം.ഒ.എ നിര്‍ബ്ബന്ധിതമായത്.

സമരക്കാരുടെ ആവശ്യം പരിഗണിക്കാം എന്നതില്‍ കവിഞ്ഞ ഒരു ഉറപ്പും ആരോഗ്യമന്ത്രി കെ.ജി.എം.ഒ.എ പ്രതിനിധികള്‍ക്ക് നല്‍കില്ല. വര്‍ദ്ധിപ്പിച്ച ഒ.പി സമയം പഴയപടി ആക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സമരം പിന്‍വലിക്കില്ലെന്നായിരുന്നു കെ.ജി.എം.ഒ.എയുടെ നിലപാട്. സര്‍ക്കാര്‍ അയയില്ലെന്ന് ഉറപ്പായതോടെ, ആവശ്യം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കി എന്ന കാരണം പറഞ്ഞ് സമരം അവസാനിപ്പിക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.