ഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളി : എഐവൈഎഫ്

#

കാസർകോട് (16-04-18) : സംസ്ഥാനത്ത് ഒരു വിഭാഗം ഡോക്ടർമാർ നടത്തുന്ന സമരം സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് എ.ഐ.വൈ.എഫ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി. സമയം നീട്ടിയതാണ് സമരത്തിന് കാരണം. ആരോഗ്യരംഗത്ത് ജനതാൽപര്യം മുൻനിറുത്തി സർക്കാർ നടപ്പാക്കുന്ന ആർദ്രം പദ്ധതി പ്രകാരമാണ് ഒ.പി സമയം ദീർഘിപ്പിച്ചത്. ഇതിനെതിരായ സമരം ജനവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ രോഗികൾ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിൽ നിന്ന് മോചിതരാകും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇതിന്റെ എല്ലാ വശങ്ങളും നന്നായി മനസിലാക്കുന്ന ഡോക്ടർമാർ ഈ പദ്ധതിക്കെതിരെ രംഗത്തു വരുന്നത് ആരെ സഹായിക്കാനാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാനക്കമ്മിറ്റി പ്രസ്താവനയിൽ ചോദിച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായി ഓരോ ഡോക്ടർമാർ മാത്രം ഉണ്ടായിരുന്ന ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയപ്പോൾ ഡോക്ടർമാരുടെ എണ്ണം 3 ആക്കി വർധിപ്പിച്ചു. 4 നഴ്സുമാരും, ലാബ് ടെക്നിഷ്യൻമാരും ഇതിന്റെ ഭാഗമായി അധികമായി നിയമിക്കപ്പെട്ടു.എന്നിട്ടും സർക്കാർ ആശുപത്രികൾ ഉച്ച കഴിഞ്ഞ് പ്രവത്തിക്കേണ്ടതില്ലെന്ന് ഡോക്ടർമാർ വാശി പിടിക്കുന്നതിന്റെ ഉദ്ദേശ്യം സ്വകാര്യ ആശുപത്രികളെ സഹായിക്കലാണ്.

സ്വകാര്യ പ്രാക്ടീസിന് ഭംഗമുണ്ടാകും എന്നതാണ് ഡോക്ടർമാരിൽ ഒരു വിഭാഗത്തിനെ ഈ സമരത്തിലേക്ക് നയിച്ചത് എന്നാണ് മനസ്സിലാക്കുന്നതെന്നും സംഘടനയുടെ നിർദ്ദേശം ഉള്ളതുകൊണ്ട് രോഗികളെ ചികിത്സിക്കില്ലെന്ന് എഴുതിക്കൊടുത്ത ഡോക്ടർക്കെതിരായി നടപടി സ്വീകരിച്ചതിനെതിരെ സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. രോഗികളെ വച്ച് സർക്കാരിനോട് വിലപേശുന്ന ഡോക്ടർമാരുടെ നടപടി പ്രൊഫഷണൽ എത്തിക്സിന് നിരക്കുന്നതല്ല. രോഗികളെ വെല്ലുവിളിക്കുന്ന ഈ സമരം അടിയന്തരമായി പിൻവലിക്കണം. അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭം ഡോക്ടർമാർ നേരിടേണ്ടി വരും. ആശുപത്രി  ബഹിഷ്ക്കരിച്ച് സ്വകാര്യ പ്രക്ടീസ് നടത്തുന്ന കേന്ദ്രങ്ങളിലേക്ക്  പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് അറിയിച്ചു.