പുത്തന്‍ ഉണര്‍വ്വേകി നാടക് -നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മ

#

കൊല്ലം (17-04-18) : നാടകരംഗത്ത്  പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും സംസ്ഥാനതല കൂട്ടായ്മയായ നാടക് രൂപീകരിക്കപ്പെട്ടിട്ട് രണ്ടുവര്‍ഷത്തോളമായതേയുള്ളൂ. കുറച്ചുകാലം കൊണ്ടുതന്നെ  കേരളത്തിലെ നാടകപ്രവര്‍ത്തകരിലും ആസ്വാദകരിലും പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞു. അതിവേഗമാണ് സംസ്ഥാനമാകെ സംഘടനാ പ്രവര്‍ത്തനം വ്യാപിച്ചത്. എല്ലാ ജില്ലകളിലും ജില്ലാക്കമ്മിറ്റികളും പ്രാദേശികമായ ഘടകങ്ങളുമായി പ്രവര്‍ത്തനം സജീവമാക്കിയ നാടകിന്റെ ഔദ്യോഗികമായ അംഗത്വ വിതരണ ഉദ്ഘാടനം ഏപ്രില്‍ 14 ന് കൊല്ലത്ത് നടന്നു. സംസ്ഥാനത്താകെയുള്ള നാടക  പ്രവര്‍ത്തകരുടെ ഒത്തു ചേരലിനുള്ള സന്ദര്‍ഭം കൂടിയായിരുന്നു നാടകിന്റെ അംഗത്വ വിതരണ ഉദ്ഘാടന ചടങ്ങ്.

നാടക് അംഗത്വവിതരണ ഉദ്ഘാടനത്തിന്റെ ഭാഗമായി കേരളത്തിലെ മുതിര്‍ന്ന നാടക കലാകാരികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. നിലമ്പൂര്‍ ആയിഷ, കെ.പി.എ.സി ബിയാട്രിക്‌സ്, കെ.പി.എ.സി ലീല, തങ്കം ജോസ്, കൊച്ചിന്‍ അമ്മിണി, ബിയാട്രിസ് അലക്‌സിസ് തുടങ്ങിയവര്‍ ആദരം ഏറ്റുവാങ്ങി. 16-ാമത്തെ വയസില്‍ അഭിനയജീവിതം ആരംഭിച്ച താന്‍ കടന്നുവന്ന കല്ലുമുള്ളും നിറഞ്ഞ വഴികളെക്കുറിച്ച് നിലമ്പൂര്‍ ആയിഷ പറഞ്ഞത് ശ്വാസം അടക്കിയിരുന്നാണ് സദസ്സ് കേട്ടത്. നിലമ്പൂര്‍ ആയിഷയുടെ അനുഭവ കഥകള്‍ കരാഘോഷത്തോടെ സദസ്സ് സ്വീകരിച്ചു.

നാടക് സംസ്ഥാന പ്രസിഡന്റ് രഘൂത്തമന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം കൊല്ലം മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നാടകങ്ങള്‍ക്ക് ദീപവിതാനവും ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്ന സാങ്കേതിക കലാകാരന്‍ സന്തോഷിന് അംഗത്വം നല്‍കി അംഗത്വ വിതരണം നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിലെ അംഗത്വ വിതരണ ഉദ്ഘാടനം  മുതിര്‍ന്ന നാടകപ്രവര്‍ത്തകന്‍ എം.പി.ദാസിന് അംഗത്വം നല്‍കി പ്രമുഖ തിയറ്റര്‍ ആക്ടിവിസ്റ്റും തമിഴ് നാടക സംവിധായകനുമായ പ്രളയന്‍ നിര്‍വ്വഹിച്ചു. നാടക് സംസ്ഥാന സെക്രട്ടറി ജെ.ശൈലജ ആമുഖ പ്രഭാഷണം നടത്തി. കലാധരന്‍, നരിപ്പറ്റ രാജു, കെ.ബി.ഹരി, അമല്‍രാജ്, പി.ജെ. ഉണ്ണിക്കൃഷ്ണന്‍, ടൈറ്റസ് എസ്.കുമാര്‍, എച്ച്.മുരളീദാസ് എന്നിവര്‍ സംസാരിച്ചു. പ്രമുഖ തമിഴ് നാടക പ്രവര്‍ത്തകരും തിയറ്റര്‍ ആക്ടിവിസ്റ്റുകളുമായ പ്രളയനെയും കലൈറാണിയെയും ചടങ്ങില്‍ ആദരിച്ചു.

കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ കലൈറാണി, "വരുഗലാമോ" എന്ന ഏകപാത്രനാടകം അവതരിപ്പിച്ചു. തുപ്പേട്ടന്‍ രചിച്ച് സി.ആര്‍.രാജന്‍, കെ.ബി.ഹരി, പ്രബലന്‍ വേലൂര്‍ എന്നിവര്‍ രൂപകല്പന ചെയ്ത ചക്ക എന്ന നാടകം തൃശൂര്‍ നാടകസംഘം അവതരിപ്പിച്ചു. സജി തുളസീദാസിന്റെ ആമുഖഗാനത്തോടെയായിരുന്നു നാടകങ്ങളുടെ അവതരണം. എക്‌സ് ഏണസ്റ്റ്, അഡ്വ.കെ.പി.സജിനാഥ്, മനുജോസ് എന്നിവര്‍ ആശംസകൾ അര്‍പ്പിച്ചു. പുതിയ ഊർജ്ജവും ഉന്മേഷവും കൈവരിച്ചുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നാടകപ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.