കവിളില്‍ തട്ടിയതിന് ഗവര്‍ണര്‍ മാപ്പ് പറഞ്ഞു

#

ചെന്നൈ (18-04-18) : വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയതിന് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞു. ഗവര്‍ണര്‍ ദ വീക്കിന്റെ ലേഖിക ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളത്ത് തട്ടിയത് വലിയ വിവാദമായി മാറുമ്പോഴാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗവര്‍ണര്‍ ലക്ഷ്മിക്ക് ഇ-മെയില്‍ അയച്ചത്.

മധുര കാമരാജ് സര്‍വ്വകലാശാലയിലെ ചില ഉന്നതോദ്ദ്യോഗസ്ഥര്‍ക്ക് വഴങ്ങണമെന്ന് ഏതാനും വിദ്യാര്‍ത്ഥികളോട് ഒരു പ്രൊഫസര്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് വിശദീകരിക്കാനാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനം കൂടുതല്‍ വലിയ വിവാദത്തിന് കാരണമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഖേദപ്രകടനത്തിന് തയ്യാറാവുകയായിരുന്നു.

എം.കെ.സ്റ്റാലിൻ, കനിമൊഴി തുടങ്ങിയ രാഷ്ട്രീയനേതാക്കളും ചെന്നൈ പ്രസ് ക്ലബ്ബും ഗവർണറുടെ പ്രവൃത്തിയെ വിമർശിച്ചിരുന്നു. ഗവർണർ മാപ്പു പറയണമെന്ന് ചെന്നൈ പ്രസ്‌ക്ലബ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.