നീറ്റ് പരീക്ഷയ്ക്ക് സി.ബി.എസ്.ഇയുടെ ഡ്രസ്‌കോഡ്

#

ന്യൂഡല്‍ഹി (19-04-18) : എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റിനുള്ള (നീറ്റ്) ഡ്രസ്‌കോഡ് സി.ബി.എസ്.ഇ പ്രഖ്യാപിച്ചു. ഡ്രസ് കോഡ് അനുസരിച്ച് ഇളം നിറത്തിലുള്ള അരക്കയ്യന്‍ ഉടുപ്പുകള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളൂ. ഷൂസുകള്‍ ധരിക്കാന്‍ പാടില്ല. പരമ്പരാഗത വസ്ത്രം ധരിക്കണമെന്ന് നിര്‍ബ്ബന്ധമുള്ളവര്‍ പരീക്ഷ തുടങ്ങുന്നതിനു അര മണിക്കൂര്‍ മുമ്പ് ഹാളിലെത്തണം. വസ്ത്രത്തില്‍ വലിയ ബട്ടണുകളോ മറ്റു എക്‌സ്ട്രാ ഫിറ്റിംഗ്‌സോ പാടില്ല. ഹൈഹീല്‍ഡ് ചെരിപ്പുകളും ധരിക്കാന്‍ പാടില്ല.

വിദ്യാര്‍ത്ഥികള്‍, പെൻസിൽ ബോക്സ്, ഇൻസ്ട്രമെന്റ് ബോക്സ് തുടങ്ങി ഒരു സാധനവും ഒപ്പം കൊണ്ടുവരാന്‍ പാടില്ല. അവ സൂക്ഷിക്കാനുള്ള സംവിധാനം പരീക്ഷാകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തില്ല. വാച്ച്, ബല്‍റ്റ്, തൊപ്പി ആഭരണങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മതവിശ്വാസത്തിന്റെ ഭാഗമായി ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ത്ഥികളുടെ ശിരോവസ്ത്രം അഴിപ്പിച്ചത് കഴിഞ്ഞ വര്‍ഷം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.