ജ.ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമില്ല : സുപ്രീംകോടതി

#

ന്യൂഡല്‍ഹി (19-04-18) : ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ സംശയത്തിന്റെ നിഴലിലായിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് സുപ്രീംകോടതി. അമിത്ഷാ മുഖ്യപ്രതിയായിരുന്ന സൊറാഹ്ബുദ്ദീന്‍ ഷെയ്ഖ് വധക്കേസ് പരിഗണിച്ച സി.ബി.ഐ പ്രത്യേക ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നുമുള്ള പൊതുതാല്പര്യ ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബഞ്ച് തള്ളി.

ജസ്റ്റിസ് ലോയയുടെ മരണസമയത്ത് അടുത്തുണ്ടായിരുന്ന 4 ജില്ലാ ജഡ്ജിമാരുടെ മൊഴികള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയെ സംശയത്തിന്റെ നിഴലില്‍ നിറുത്താനാണ് പൊതുതാല്പര്യഹര്‍ജി നല്‍കിയവര്‍ ശ്രമിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. ജഡ്ജിമാരുടെ മൊഴിയെ അവിശ്വസിക്കുന്നത് കോടതിയെ തന്നെ അവിശ്വസിക്കുന്നതിന് തുല്യമാണ്. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് നല്‍കിയ പൊതുതാല്പര്യ ഹര്‍ജികള്‍ ദുരുദ്ദേശ്യത്തോടെയാണെന്ന് കോടതി വിലയിരുത്തി. ബിസിനസ്സിലെയും രാഷ്ട്രീയത്തിലെയും തര്‍ക്കങ്ങള്‍ കോടതിയിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കോടതി പറഞ്ഞു.