എന്‍.ഐ.എ ജഡ്ജി കെ.രവീന്ദര്‍ റെഡ്ഡിയുടെ രാജി തള്ളി

#

ന്യൂഡല്‍ഹി (19-04-18) : മക്ക മസ്ജിദ് സ്ഫോടന കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട സ്പെഷ്യല്‍ എന്‍.ഐ.എ കോടതി ജഡ്ജി കെ.രവീന്ദര്‍ റെഡ്ഡിയുടെ രാജി ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മക്കാ മസ്ജിദ് സ്ഫോടനക്കേസിലെ വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജഡ്ജി രാജിവെച്ചത്. വിധി പ്രസ്താവിച്ചതിനു പിന്നാലെ 15 ദിവസത്തെ അവധിയിലും റെഡ്ഡി പ്രവേശിച്ചിരുന്നു. അവധി ഉപേക്ഷിച്ച് എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണമെന്നും ഹൈക്കോടതി രവീന്ദര്‍ റെഡ്ഡിയോട് ആവശ്യപ്പെട്ടു.

2007 ലാണ് ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത് മക്ക മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തിനിടെ കേസിനാസ്പദമായ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 9 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ സ്വാമി അസീമാനന്ദ അടക്കമുള്ള പ്രതികളെയായിരുന്നു തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി രവീന്ദര്‍ റെഡ്ഡി കുറ്റവിമുക്തരാക്കിയത്.