ശുദ്ധികലശത്തിനൊരുങ്ങി പോലീസ് സേന

#

തിരുവനന്തപുരം(19-04-2018): പ്രതികൾക്കെതിരെ മൂന്നാം മുറ പോലെയുള്ള പീഡനമുറകൾ പ്രയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി നിർദ്ദേശവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. ഇത്തരക്കാർക്കെതിരെ പിരിച്ചു വിടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ നിർദ്ദേശം. സേനയിലെ ചുരുക്കം ചില ആളുകളുടെ മോശം പെരുമാറ്റം സേനക്കാകെ കളങ്കമുണ്ടാക്കുന്നു. ഇങ്ങനെയുള്ളവരെ സേനയിൽ ആവശ്യമില്ലായെന്നും അദ്ദേഹം പറഞ്ഞു.

സേനയിലെ മോശം സ്വഭാവക്കാരെ കണ്ടെത്തി അവർക്കു പ്രത്യേക പരിശീലനം നൽകണം. പരിശീലനം നൽകിയിട്ടും പൊതു ജനങ്ങളോടുള്ള പെരുമാറ്റത്തിൽ മാറ്റമില്ലെങ്കിൽ നടപടി സ്വീകരിക്കുകയാണുചിതമെന്നും അദ്ദേഹം കൂട്ടിചേർത്തു. പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ ഐ.ജിമാരും എസ്.പിമാരും പ്രത്യേക ശ്രദ്ധ നല്കണമെന്നും ഡി.ജി.പി നിർദ്ദേശിക്കുന്നു. സ്റ്റേഷൻ ചുമതല വഹിക്കുന്നവരായ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണം. പോലീസ് സ്റ്റേഷനുകളിലെ പൊതുജന സമ്പർക്കം ശക്തിപ്പെടുത്തണം. അദ്ദേഹം പറഞ്ഞു.

വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ 3 പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ തത്സമയ വീഡിയോ കോൺഫെറൻസിനിടെയായിരുന്നു ഡി.ജി.പിയുടെ നിർദ്ദേശങ്ങൾ.