ഇടതു സാംസ്കാരിക അടിത്തറ ശക്തമാകണം : ചുള്ളിക്കാട്

#

കൊല്ലം (20-04-18) : വർഗ്ഗീയ ഫാസിസത്തെ ചെറുക്കാൻ ഉറച്ച ഇടതുപക്ഷ സാംസ്കാരിക അടിത്തറ ആവശ്യമാണെന്ന് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തെരഞ്ഞെടുപ്പും ഭരണവും കൊണ്ട് മാത്രം ഹിന്ദു വർഗ്ഗീയ ഫാസിസ്റ്റുകൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാവില്ലെന്ന് ചുള്ളിക്കാട് പറഞ്ഞു.  സി.പി.ഐ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് കൊല്ലത്ത് അഞ്ചലിൽ സംഘടിപ്പിച്ച "വർഗ്ഗീയ ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം " എന്ന വിഷയത്തിലുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടങ്ങൾ കോർപ്പറേറ്റുകളുടെ അടിമകളാണ്. കോർപ്പറേറ്റുകളുടെ കൊള്ളയ്ക്കെതിരെ ജനങ്ങൾ ചെറുത്തുനില്ക്കുന്നതു തടയാനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. കോർപ്പറേറ്റുകൾക്കും അവരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഭരണകൂടങ്ങൾക്കും എതിരെ ജനങ്ങൾ സംഘടിച്ചു സമരം ചെയ്യുന്നത് തടയാൻ എല്ലാത്തരത്തിലും ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭരണകൂടങ്ങൾ ശ്രമം നടത്തും. ഇത്തരം ഒരു സാഹചര്യത്തിലാണ് ഇന്ത്യയിൽ നരേന്ദ്ര മോദിയും അമേരിക്കയിൽ ട്രംപും അധികാരത്തിൽ വരുന്നത്.

ഇന്ത്യയിലെ സവർണ്ണ ഹിന്ദു മേധാവിത്വത്തിന്റെ രാഷട്രീയ സംവിധാനമാണ് ബി.ജെ.പി. വിഭജനത്തിനു ശേഷം പാകിസ്ഥാൻ മതരാഷ്ട്രമായി. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറിയില്ല. മനുസ്മൃതിയിലും ചാതുർവർണ്യത്തിലും അധിഷ്ഠിതമായ ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാൻ പതിറ്റാണ്ടുകളായി ആർ.എസ്.എസ് ശ്രമിക്കുന്നെങ്കിലും അതിന് കഴിയാത്തതിനു കാരണം ഹിന്ദു സമൂഹത്തിലെ ഭൂരിപക്ഷം അവർണ്ണരായതാണെന്ന് ചുള്ളിക്കാട് പറഞ്ഞു. ഭൂപരിഷ്കരണം നടന്ന കേരളം പോലെ അപൂർവം സ്ഥലങ്ങളൊഴികെ മറ്റെല്ലാ പ്രദേശങ്ങളിലും ഇന്നും ബ്രാഹ്മണ വാഴ്ചയാണ് നടക്കുന്നത്. ഹിന്ദു രാഷ്ട്രമെന്നാൽ ബ്രാഹ്മണ ആധിപത്യമാണെന്ന് തിരിച്ചറിയുന്ന അവർണരാണ് നമ്മുടെ രാജ്യം ഹിന്ദുരാഷ്ട്രമാകാതെ സൂക്ഷിക്കന്നത്.

കത്തുവയിൽ ഒരു കൊച്ചു കുട്ടിക്കു നേരെ നടന്ന അതിക്രമം ഏതാനും വ്യക്തികൾ നടത്തിയ ഒരു കുറ്റകൃത്യമായി കണ്ടാൽ പോരെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു . മുസ്ലീം ജനവിഭാഗങ്ങളെ ഭയപ്പെടുത്തിയും പ്രകോപിപ്പിച്ചും രാജ്യത്തെ ജനതയിൽ രൂക്ഷമായ ഭിന്നത സൃഷ്ടിക്കാനാണ് ഹിന്ദു വർഗ്ഗീയ വാദികളുടെ ശ്രമം. ആർ.എസ്.എസ്സിനെ പോലെ ഒരു സൈനിക സംഘടന കോർപ്പറേറ്റുകളുടെ സഹായത്തോടെ ആസൂത്രണം ചെയ്ത ഭീകരതയാണ്‌ കത്തുവയിൽ കണ്ടത്.

ജനിക്കാനിരിക്കുന്ന മനുഷ്യരെ പോലും അടിമകളാക്കുന്നതാണ് ജാതിവ്യവസ്ഥ. കേരളത്തിൽ അടിസ്ഥാനപരമായി ഒരു ഇടതുപക്ഷ സംസ്കാരം നിലനില്ക്കുന്നത് കൊണ്ടാണ് കേരളത്തിൽ വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് ആധിപത്യം നേടാൻ കഴിയാത്തത്.

നമ്മുടെ ഭരണഘടനയാണ് വർഗ്ഗീയ വാദികൾക്ക് ഏറ്റവും വലിയ ഭീഷണി. ജീവിക്കാനുള്ള അവകാശം നമുക്ക് ഉറപ്പ് തരുന്നത് ഈ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിൽ നിറുത്തിക്കൊണ്ട് ഭരിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കുക എന്നത് അടിയന്തര കടമയായി ഏറ്റെടുക്കണമെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് ആവശ്യപ്പെട്ടു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയതു. പി.എസ്.സുപാൽ എക്സ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ വനം വകുപ്പ് മന്ത്രി കെ.രാജു, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ലിജു ജമാൽ സ്വാഗതവും കെ.എൻ.വാസവൻ നന്ദിയും പറഞ്ഞു.