വിഴിഞ്ഞം പദ്ധതി വൈകുന്നു: നഷ്ടപരിഹാരം ആവശ്യപ്പെട്ടു സർക്കാർ

#

തിരുവനന്തപുരം(20-04-2018): വിഴിഞ്ഞം തുറമുഖ പദ്ധതി വീണ്ടും പ്രതിസന്ധിയിൽ. പദ്ധതി നീണ്ടു പോകുന്നതിൽ സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെ പദ്ധതി നീട്ടി കൊണ്ട് പോയതിനുള്ള നഷ്ടപരിഹാരമായി 18 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ട് സർക്കാർ അദാനി ഗ്രൂപ്പിന് കത്ത് നൽകി. കരാർ പ്രകാരമുള്ള നിർമ്മാണ പുരോഗതി ഉണ്ടായിട്ടില്ലായെന്നു കാണിച്ചാണ് സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

4089 കോടി രൂപയുടെ 20 ശതമാനം തുക മാർച്ച് മാസത്തിൽ വിനിയോഗിക്കേണ്ടിയിരുന്നു. എന്നാൽ അദാനി ഗ്രൂപ്പ് അതിൽ വീഴ്ച വരുത്തി. ഇക്കാരണത്താലാണ് വീഴ്ചയുടെ തോത് കണക്കാക്കി സർക്കാരിനുണ്ടായ നഷ്ടത്തിനാനുപാതികമായ തുക കണക്കാക്കി 18 കോടി രൂപ ആവശ്യപ്പെട്ടു സർക്കാർ കത്ത് നൽകിയത്. കത്തിനോട് അദാനി ഗ്രൂപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

വിഴിഞ്ഞം പദ്ധതിയുടെ കരാർ പ്രകാരമുള്ള നിർമ്മാണ കാലാവധി കഴിഞ്ഞു വേണ്ടി വരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം സർക്കാരിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് വ്യവസ്ഥ.

നേരത്തെ അദാനി ഗ്രൂപ്പ് സി.ഇ.ഒ കരൺ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഏന്നാൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നതാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തിലൂടെ വ്യക്തമാകുന്നത്.