ചിത്രകാരി ദുർഗ്ഗമാലതിക്ക് നേരെ ആർ.എസ്.എസ് ആക്രമണം : പ്രതിഷേധം ശക്തമാകുന്നു

#

പാലക്കാട്(20-04-2018): കത്തുവയിൽ എട്ടു വയസ്സുകാരിയെ മതത്തിന്റെ പേരിൽ ബി.ജെ.പിക്കാർ കൂട്ടബലാസംഗത്തിനിരയാക്കിയ സംഭവത്തിൽ ചിത്രം വരച്ചു പ്രതിഷേധിച്ച യുവ ചിത്രകാരി ദുർഗ്ഗ മാലതിയുടെ വീടിനു നേരേ ആക്രമണമുണ്ടായതിൽ പ്രതിഷധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് തൃത്താല പറക്കുളത്തുള്ള ദുർഗ്ഗയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

മത ബിംബങ്ങളെ അപമാനിച്ചുവെന്നാരോപിച്ചാണ് സംഘപരിവാർ അനുകൂലികൾ ദുർഗയെ പലരീതിയിലും ആക്രമിച്ചത്. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഭീഷണികളും മുഴക്കിയിരുന്നു. ഇവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്‌ളീല ചിത്രങ്ങൾ നിർമ്മിക്കുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായി.

ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.ബി രാജേഷ് എം.പിയും ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. ഉത്തരേന്ത്യൻ മാതൃകയിലുള്ള ആക്രമണങ്ങൾ ആർ.എസ്.എസ് കേരളത്തിലും ആരംഭിച്ചിരിക്കുകയാണ്. ദുർഗ മാലതിക്കെതിരെയുണ്ടായ ആക്രമണം അത്യന്തം നിന്ദ്യവും അപലപനീയവുമാണെന്ന് പറഞ്ഞ രാജേഷ് ഒരു യുവ ചിത്രകാരിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വീടാക്രമിച്ചും നിശ്ശബ്ദയാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

വരും നാളുകളിൽ ചിത്രകാരിക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാകും. മറ്റുള്ള സംസ്ഥാനങ്ങളിൽ ചെയ്യുന്ന പോലെ വിമർശകരെ കൊന്നു തള്ളുകയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയും ചെയ്യുന്ന സംഘപരിവാർ അജണ്ട കേരളത്തിലും ഏറി വരികയാണ്. കമലിനും കുരീപ്പുഴ ശ്രീകുമാറിനും എതിരെ നടന്ന ആസൂത്രിത കടന്നു കയറ്റങ്ങളുടെ ബാക്കി പത്രമായി വേണം ഈ സംഭവത്തെയും കാണാൻ.