സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്

#

തിരുവനന്തപുരം (21-04-18) : കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും അനിശിതകാല സമരത്തിലേക്ക്. കഴിഞ്ഞ വർഷം ജൂലൈയിൽ സ്വകാര്യ ആശുപത്രിമാർ നടത്തിയ സമരത്തെ തുടർന്നുണ്ടാക്കിയ ധാരണകൾ സർക്കാർ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഏപ്രിൽ 24 മുതൽ പണിമുടക്കുമെന്ന് നഴ്സിംഗ് സംഘടനകൾ അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനെതിരെ ആശുപത്രി മാനേജ്മെന്‍റുകൾ ഹൈക്കോടതിയിൽ നിന്ന് സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. പിന്നീട് സ്റ്റേ നീക്കിയ  ഹൈക്കോടതി ശമ്പള പരിഷ്കരണം സംബന്ധിച്ച് തീരുമാനമെടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി. അതിനു ശേഷം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.

ശമ്പള പരിഷ്കരണം സംബന്ധിച്ച് ഇന്ന് ലേബർ കമ്മീഷണറുമായി നഴ്സിംഗ് സംഘടനകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നഴ്‌സിംഗ് സംഘടനകൾ സമരം പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ ഇനി സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്നും അന്തിമവിജയം വരെ നഴ്സുമാർ സമരത്തിൽ ഉറച്ചുനിൽക്കുമെന്നും യു.എൻ.എ പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു.