കേരള പോലീസിലെ ക്രിമിനലുകള്‍ക്ക് സ്ഥലംമാറ്റം പരമാവധി ശിക്ഷ

#

(21-04-18) : എറണാകുളം വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജിനെ സ്ഥലം മാറ്റിയിരിക്കുന്നു. തൃശൂര്‍ പോലീസ് അക്കാഡമിയിലേക്കാണ് സ്ഥലംമാറ്റം. എന്തൊരു ഭയങ്കരമാന ശിക്ഷ ! എ.വി.ജോര്‍ജ്ജിന്റെ പ്രത്യേക നിയന്ത്രണത്തിലുള്ള ടൈഗര്‍ ടാസ്‌ക് ഫോഴ്‌സില്‍ പെട്ട പോലീസുകാരാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കുറ്റക്കാരല്ലാത്തവരെയാണ് ജോര്‍ജ്ജിന്റെ കടുവകള്‍ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതെന്നും അതിലൊരാളെയാണ് തല്ലിക്കൊന്നതെന്നുമുള്ള വിവരം ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിന് കൈമാറിയതിനു ശേഷമാണ് ജോര്‍ജ്ജിന്റെ പേരില്‍ ഈ "ശിക്ഷണ നടപടി" സ്വീകരിച്ചത്.

അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രാകൃതവും കിരാതവുമായ മര്‍ദ്ദനമുറകളാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്നത്. ദളിതര്‍ക്കും ദുര്‍ബ്ബല വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പോലീസ് സ്റ്റേഷനുകളില്‍ ചെന്നുകയറാനാവാത്ത സ്ഥിതി നിലനില്‍ക്കുന്നു. ഒരു കേസിലും പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്നില്ല. 2016 ഒക്‌ടോബറില്‍ കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ ഒരു കുറ്റവും ചെയ്യാത്ത രണ്ട് ദളിത് യുവാക്കളെ ഒരാഴ്ച അന്യായ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു. കൂലിപ്പണിക്കാരായ രണ്ടു ദളിത് യുവാക്കളെ അകാരണമായി കിരാതമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു പോലീസുകാരന്റെ പേരിലും നടപടിയുണ്ടായില്ല. അതേമാസം കുണ്ടറ പോലീസ് സ്റ്റേഷനില്‍ പെറ്റിക്കേസില്‍ പിടിച്ചുകൊണ്ടുപോയ കൂലിപ്പണിക്കാരനായ ദളിത് യുവാവിന്റെ ജഡമാണ് വീട്ടില്‍ തിരിച്ചെത്തിയത്. ആ സംഭവത്തിലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെട്ടില്ല. കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ ദളിതരും പാവപ്പെട്ടവരും പീഡിപ്പിക്കപ്പെടുന്നത് ചെറിയ വാര്‍ത്ത പോലുമാകാത്ത തരത്തില്‍ സര്‍വ്വ സാധാരണമായ നിത്യസംഭവമായി മാറിയിരിക്കുന്നു.

പോലീസിന്റെ ആത്മവീര്യം തകരാന്‍ പാടില്ല എന്നതാണ് ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന കേരളമുഖ്യമന്ത്രിയുടെ ആപ്തവാക്യം. പാവപ്പെട്ടവരുടെയും അടിത്തട്ടില്‍ ജീവിക്കുന്നവരുടെയും ജീവിതവും ആത്മാഭിമാനവും സംരക്ഷിക്കാനുള്ള ബാധ്യത നമ്മുടെ ഭരണകൂടം കയ്യൊഴിഞ്ഞിരിക്കുന്നു. ഉരുട്ടിക്കൊലയും കുടല്‍ ചവിട്ടിത്തകര്‍ക്കലും മൂത്രം കുടിപ്പിക്കലുമെല്ലാം പോലീസിന്റെ വിനോദോപാധികളാണ്. എന്തുതന്നെ സംഭവിച്ചാലും പോലീസിന്റെ ആത്മവീര്യം തകരരുത്. കേരള പോലീസിനെ നയിച്ച ഉദ്യോഗസ്ഥരില്‍ ജനവിരുദ്ധനെന്ന് പേരുകേട്ട രമണ്‍ ശ്രീവാസ്തവയെ കൂട്ടിക്കൊണ്ടുവന്ന് പോലീസിന്റെ ഉപദേഷ്ടാവാക്കിയിരിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ വഴിവിട്ട എന്ത് ആജ്ഞയും അനുസരിക്കാന്‍ സദാ സന്നദ്ധനായ ലോക്‌നാഥ് ബെഹ്‌റയാണ് പോലീസ് മേധാവി. പോലീസിന്റെ തലപ്പത്ത് സുപ്രധാന സ്ഥാനങ്ങളില്‍ കണ്ണുനട്ട് തച്ചങ്കരിയെപ്പോലെ ഒന്നാന്തരം ഉരുപ്പടികള്‍ തയ്യാറായി ഇരിപ്പുണ്ട്. ഈ പോലീസ് സേന നമുക്ക് അപമാനമാണ്. ഇതിനെ ഉടച്ചുവാര്‍ക്കാന്‍ ജനങ്ങളോട് പ്രതിബദ്ധതയും സത്യസന്ധതയുമുള്ള രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ കഴിയൂ. ബഹിരാകാശത്തു നിന്നോ മറ്റോ അങ്ങനെയൊന്ന് ഉണ്ടായിവരാന്‍ കാത്തിരിക്കാനേ നമുക്ക് കഴിയൂ.