കുട്ടിക്കൂട്ടം-2018; വേനലവധിക്കാല ക്യാമ്പ് സമാപിച്ചു

#

കൊല്ലം(23-04-2018): ശൂരനാട് ചക്കുവള്ളി മിഴി കലാ-സാംസ്കാരിക കാരുണ്യവേദിയും മിഴി ഗ്രന്ഥശാലയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച വേനലവധിക്കാല ക്യാമ്പ് സമാപിച്ചു. ചരിത്രമുറങ്ങുന്ന ചക്കുവള്ളി ചിറയുടെ തീരത്തു സംഘടിപ്പിച്ച ക്യാമ്പ് കുഞ്ഞു കൂട്ടുകാർക്കു നവ്യാനുഭവമായി.

ക്യാമ്പിനോടനുബന്ധിച്ചു കുട്ടികൾക്കായി ലൈഫ് സ്കിൽ പരിശീലനവും സംഘാടകർ ഒരുക്കിയിരുന്നു. പ്രശസ്ത ലൈഫ് സ്കിൽ പരിശീലകനും ഹെദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന " ന്യൂ ഡോൺ ലൈഫ് സ്‌കിൽസ് " ഡയറക്ടറുമായ സി.എൻ അജയകുമാർ പരിശീലനത്തിന് നേതൃത്വം നൽകി.

പ്രകൃതിയോടിണങ്ങി നാട്ടറിവുകളും പഴമകളും ചരിത്രവും ഒപ്പം വിനോദവും പകർന്നു നൽകിയ ക്യാമ്പ് പങ്കെടുത്ത എല്ലാ കുഞ്ഞു കൂട്ടുകാർക്കും പുതിയൊരനുഭവമായിരുന്നു. എന്നാൽ സംഘാടകർക്കും രക്ഷാകർത്താക്കൾക്കും തങ്ങളുടെ പഴയ കുട്ടിക്കാലത്തിന്റെ പുനരാവിഷ്കരണവുമായി ക്യാമ്പ് മാറി.

ക്യാമ്പ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ്റ് എസ്.ശിവൻ പിള്ള ഉദഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അക്കരയിൽ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. മിഴി സെക്രട്ടറി എം.സുൾഫിക്കർ സ്വാഗതം പറഞ്ഞു. യോഗത്തിനു പ്രസിഡന്റ് അനിൽ. പി. തോമസ് അധ്യക്ഷത വഹിച്ചു.