ഇന്ധനവിലയിൽ പൊള്ളി രാജ്യം

#

ന്യൂ ഡൽഹി(23-04-2018): രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിലും ഇന്ധനവിലയിൽ വീണ്ടും വർധന. ഡീസലിനൊപ്പം പെട്രോൾ വിലയും സർവകാല റെക്കോർഡിലെത്തി. ഇതോടെ അരിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലയും ഉയരുകയാണ്. ഉപഭോക്തൃസംസ്ഥാനം എന്ന നിലയിൽ ഇന്ധനവില വർധന ഏറ്റവും ഗുരുതരമായി ബാധിക്കുക കേരളത്തെ ആയിരിക്കും.

കേരളത്തിൽ പെട്രോൾ വില 78 കടന്നു. തൊട്ടു പിന്നിലായി തന്നെ ഡീസൽ വിലയും ഉണ്ട്. ഡീസൽ വില ലിറ്ററിന് 71 രൂപയിലധികമായി. പെട്രോൾ വില 50 രൂപയിൽ താഴെ ആക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിലേറിയവർ മൗനാവലംബികളായി മാറുന്നു. വില നിർണയം സ്വകാര്യകുത്തകകൾക്കു തീറെഴുതി നൽകിയ " ഭാരതപുത്രൻ " എല്ലാ പ്രതിസന്ധിഘട്ടങ്ങളിലെപ്പോലെയും ഇപ്പോഴും യാത്രയിലാണ്.

മോഹന വാഗ്ദാനങ്ങളുമായി അധികാരക്കോലേന്തിയ ബി.ജെ.പി സർക്കാരിന്റെ മൂന്നര വർഷം കഴിയുമ്പോൾ പെട്രോൾ വില 11 രൂപയും ഡീസൽ വില 19 രൂപയും കൂടി നിൽക്കുന്നു. അസംസ്‌കൃത എണ്ണ വില ആഗോളാടിസ്ഥാനത്തിൽ കുത്തനെ ഇടിഞ്ഞു നിൽക്കുമ്പോഴും എന്തുകൊണ്ടാണ് ഇന്ധന വില മാത്രം കുറയാതെ നിലനിൽക്കുന്നൂവെന്നു വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്.

നിലവിൽ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ ഇന്ധനവിലയുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തെക്കാൾ പല കാര്യങ്ങളിലും പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾ പോലും ഇന്ധനവില നിയ്രന്തിച്ചു പുരോഗതിയിലേക്കു കുതിക്കുമ്പോൾ നമ്മുടെ രാജ്യം മാത്രം പിന്നോട്ട് നടക്കുന്നു.

മോഡി അധികാരത്തിലെത്തുമ്പോൾ 70 രൂപയിൽ താഴെയായിരുന്ന പെട്രോൾ വില റോക്കറ്റ് പോലെ കുതിച്ചു ഇന്ന് 80 ലെത്തി നിൽക്കുന്നു. മൂന്നു വര്ഷം മുൻപുണ്ടായിരുന്ന ക്രൂഡ് ഓയിൽ വില 150 ൽ നിന്നും കുറഞ്ഞു 70ൽ എത്തി നിൽക്കുന്നു എന്ന് അറിയുമ്പോഴാണ് കബളിപ്പിക്കപ്പെടുന്നതിന്റ്റെ വ്യാപ്തി മനസിലാകുന്നത്. കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ഈയിനത്തിൽ മാത്രം കേന്ദ്ര സർക്കാർ കൊയ്തെടുത്ത ലാഭം 2 ലക്ഷം കോടിയുടെ അധിക വരുമാനമാണ്. ഇന്ധനവില കുറഞ്ഞപ്പോൾ തീരുവ വർധിപ്പിച്ചു ജനങ്ങളെ വലച്ച സർക്കാർ എണ്ണവില ഉയരുമ്പോൾ വർധിപ്പിച്ച തീരുവ കുറയ്ക്കാൻ തയ്യാറാകുന്നില്ല എന്നതാണ് പരമാർത്ഥം.

ഇങ്ങനെ എക്‌സൈസ് തീരുവ ഭീമമായി കൂട്ടുമ്പോളും ഈ തീരുവയിൽ ജനസംഖ്യാടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി വീതിക്കപ്പെടുന്ന 42 ശതമാനത്തിൽ കേരളത്തിന് ലഭിക്കുന്നത് വെറും 2.5 ശതമാനം മാത്രമാണ്. കേന്ദ്രവരുമാനത്തിലേക്ക് നികുതിയിനത്തിൽ സിംഹഭാഗവും സംഭാവന നൽകുന്ന കേരളത്തിനാണ് ഈ അവഗണന. ചുരുക്കത്തിൽ കേരളമടക്കമുള്ള പ്രധാന നികുതിദായക സംസ്ഥാനങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ട് കേന്ദ്രം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ തീറ്റിപ്പോറ്റുന്നു എന്ന് സാരം.

അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം....എത്ര നാൾ ഇങ്ങനെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഭരണാധികാരികൾക്ക് സാധിക്കും. എത്ര നാൾ ബിപ്ലവ് ദേബിനെപ്പോലുള്ള വാപോയ കോടാലികളെ ഉപയോഗിച്ച് പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ നിങ്ങൾക്ക് കഴിയും. ഒന്നു മാത്രം മനസിലാക്കുക....സമാധാനപ്രിയരും മിതവാദികളുമായ ഒരു കൂട്ടത്തിന്റെ പ്രതിഷേധങ്ങൾ നിങ്ങൾ കണ്ടില്ലായെന്നു വയ്ക്കുകയാണെങ്കിൽ, ഭ്രാന്തരായ ഒരു കൂട്ടത്തിന്റെ പ്രതിഷേധങ്ങൾ നാളെ നിങ്ങൾക്കു നേരിടേണ്ടി വന്നേക്കാം...കാരണം... ഞങ്ങൾ ചോദിക്കുന്നത്..നിങ്ങൾ ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ കൊണ്ടിട്ടു തരുമെന്നു പറഞ്ഞ ലക്ഷങ്ങൾ അല്ല..ഞങ്ങളുടെ വിയർപ്പിന്റെ മൂല്യം അനുഭവിക്കാൻ ഞങ്ങളെ അനുവദിക്കണമെന്ന് മാത്രമാണ്.