ശ്രീചിത്രയിൽ സംവരണം പാലിക്കണം : എസ്.ടി- എസ്.സി കമ്മീഷൻ

#

തിരുവനന്തപുരം (26-04-18) : ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിൽ  ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വങ്ങൾ നടപ്പിലാക്കണമെന്ന് സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ ഉത്തരവിട്ടു. ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന സംവരണ തത്വങ്ങള്‍ ഗ്രൂപ്പ് എ (അക്കാഡമിക് & അഡ്മിന്‌ട്രേറ്റീവ്) നിയമനങ്ങളില്‍ പാലിക്കുന്നില്ല എന്ന്  രണ്ടു വ്യക്തികൾ നൽകിയ പരാതികളിലാണ് കമ്മീഷന്റെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് പോലുള്ള സ്ഥാപനങ്ങളില്‍ തുടര്‍ന്ന് വരുന്ന സംവരണ തത്വങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ സയന്‍സ് & ടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള, ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് പാലിക്കുന്നില്ല എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.

മറ്റൊരു വ്യക്തി നല്‍കിയ പരാതിയില്‍ സമാന വിഷയത്തില്‍ ഹൈക്കോടതി മുമ്പാകെ റിട്ട് ഹര്‍ജി നിലവിലുണ്ടെന്നതുകൊണ്ട് പരാതിയിൽ തീരുമാനമെടുക്കരുതെന്ന ചിത്രാ സെന്ററിന്റെ വാദം കമ്മീഷൻ അംഗീകരിച്ചില്ല. ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് 2018 ഏപ്രിൽ 2 ന് ഇറക്കിയ പുതിയ നിയമനങ്ങള്‍ക്ക് വേണ്ടിയുള്ള  വിജ്ഞാപനങ്ങളുമായി ഹൈകോടതിയിലുള്ള ഹർജിക്ക് ബന്ധമില്ല. എയിംസില്‍ ഉള്‍പ്പെടെ എല്ലാ തസ്തികകളിലും സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ട് നിയമനങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍  ഭരണഘടനാപരമായ സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ട് നിയമനങ്ങള്‍ നടത്താന്‍ ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്  ബാധ്യസ്ഥമാണെന്ന് പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ ഉത്തരവിൽ പറയുന്നു.