അഫ്ഗാനിസ്ഥാനിൽ പദ്ധതികളുമായി ഇന്ത്യയും ചൈനയും

#

വുഹാൻ(28-04-2018): അഫ്‌ഗാനിസ്ഥാനിൽ വികസന പദ്ധതികളൊരുക്കി ഇന്ത്യയും ചൈനയും. പ്രധാനമന്ത്രിയുടെ ചൈന സന്ദർശനവേളയിൽ വുഹാനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി നടത്തിയ അനൗദ്യോഗിക ചർച്ചയിലാണ് ഇക്കാര്യം ചർച്ചചെയ്യപ്പെട്ടത് എന്ന് ദേശീയ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർ തമ്മിലുണ്ടാക്കിയ ധാരണകൾ അനുസരിച്ചു ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തി മുന്നോട്ട് പോകുമെന്നാണ് അറിയാൻ കഴിയുന്നത്. അഫ്‌ഗാനിസ്ഥാനിൽ ചൈനയുടെ ആദ്യ വൻകിട പദ്ധതിയാണ് തീരുമാനം നടപ്പിലായാൽ വരാൻ പോകുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലെ ബീജിങ്ങിൽ ചൈന - പാകിസ്ഥാൻ - അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്നിരുന്നു. ആ യോഗത്തിൽ ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അഫ്‌ഗാനിസ്ഥാനിലേക്കു നീട്ടുന്നത് സംബന്ധിച്ച പ്രഖ്യാപനവും ചൈന നടത്തിയിരുന്നു.

അതിർത്തിയിൽ സമാധാനം ഉറപ്പിക്കാനും ഡോക് ലാം പോലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സൈന്യങ്ങൾക്കിടയിലുള്ള വിശ്വാസം വളർത്തിയെടുക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നുമുള്ള തീരുമാനങ്ങളും ചർച്ചയിൽ ഉണ്ടായതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഡോക് ലാം സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള ചർച്ചകളാണ് നടന്നതെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ധാരണകൾ വാക്കിലൊതുങ്ങുന്നതും ഇവ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രങ്ങളൊന്നും ഒപ്പിട്ടിട്ടില്ലെന്നുമാണ് അറിയുന്നത്.

എന്നാൽ, രാജ്യത്തു നടക്കാൻ പോകുന്ന ഓരോ തിരഞ്ഞെടുപ്പിനു മുൻപും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്കു തള്ളി വിടുകയും ശേഷം അത്തരം അവസ്ഥകൾ ഇങ്ങനെയുള്ള പൊറാട്ടു നാടകങ്ങൾ കൊണ്ട് അവസാനിപ്പിക്കുകയും ഇവയെല്ലാം തന്നെ മോഡി എന്ന നേതാവിന്റെ നേതൃപാടവമാണെന്ന നിലയിൽ വ്യാഖാനിക്കപ്പെടുകയും ചെയ്യുന്ന സംഘപരിവാർ അജണ്ടയാണ് ഇപ്പോഴും നടന്നതെന്നാണ് ഉയർന്നു വന്നിരിക്കുന്ന പ്രധാന വിമർശനം. അതിനു ഉപോൽബലകമായി രാഷ്ട്രീയ നിരൂപകർ ചൂണ്ടിക്കാണിക്കുന്നത് ധാരണകളെല്ലാം വാക്കാൽ മാത്രമുള്ളതും അവയൊന്നും തന്നെ ഒരുടമ്പടിയായി ഒപ്പിട്ടിട്ടില്ലായെന്നുള്ളതുമാണ്. ആധുനിക കാലത്ത് അധികാരം അരക്കിട്ടുറപ്പിക്കാനുമുള്ള ഫാസിസ്റ്റു തന്ത്രങ്ങളിലൊന്നാണിതെന്നും വിലയിരുത്തപ്പെടുന്നു.