കാബൂളിൽ ചാവേർ സ്‌ഫോടനങ്ങൾ ; മാധ്യമ പ്രവർത്തകരടക്കം 25 പേർ മരിച്ചു

#

കാബൂൾ (30-04-18) : അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ രണ്ടുചാവേർ ബോംബ് സ്ഫോടനങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. കുറഞ്ഞത് 45 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിൽ  കൊല്ലപ്പെട്ടവരിൽ വാർത്താ ഏജൻസി എ.എഫ്.പി യുടെ ഫോട്ടോഗ്രാഫറും ഒരു പ്രാദേശിക ചാനലിന്റെ ക്യാമറാമാനും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവാരിൽ 4 പേർ പോലീസുകാരാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇന്ന് അതിരാവിലെ ഷശ്ദാർക്ക് മേഖലയിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ആ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് രണ്ടു സ്ഫോടനങ്ങളും ഉണ്ടായത്. ആദ്യസ്ഫോടനം നടന്ന് അരമണിക്കൂറിന് ശേഷമായിരുന്നു രണ്ടാമത്തെ സ്ഫോടനം. മോട്ടോർ ബൈക്കിൽ വന്ന ഒരാളാണ് ആദ്യ സ്ഫോടനത്തിന്റെ ഉത്തരവാദി. ആദ്യസ്‌ഫോടടനം അറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരുടെ ഇടയിലേക്ക് മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കടന്നു കൂടിയ ഒരാളാണ് രണ്ടാമത്തെ സ്ഫോടനം നടത്തിയത്. കാൽനടയായെത്തിയ അക്രമി മാധ്യമ പ്രവർത്തകരെ ഉന്നം വെച്ച് സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.