കോട്ടയം പുഷ്പനാഥ് അന്തരിച്ചു

#

കോട്ടയം (02-05-18)  : പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു.  ഇന്ന് രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ച് നാളായി  അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

1967 ല്‍ കല്ലാര്‍കുട്ടി സ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോള്‍ മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ് കോട്ടയം പുഷ്പനാഥ് അറിയപ്പെട്ടു തുടങ്ങിയത്. ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരമായിരുന്നു. മുന്നൂറോളം നോവലുകൾ പുഷ്പനാഥ് എഴുതിയിട്ടുണ്ട്. അതില്‍ പലതും തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

മറിയാമ്മയാണ് ഭാര്യ. സീനു, ജമീല, പരേതനായ  സലീം പുഷ്പനാഥ് എന്നിവർ മക്കളാണ്. സംസ്ക്കാരം വെള്ളിയാഴ്ച മൂന്നിന് ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രലിൽ.