ദേശീയ ചലച്ചിത്രപുരസ്‌കാര ദാനച്ചടങ്ങ് വിവാദത്തിൽ

#

ന്യൂ ഡൽഹി(02-05-2018): ദേശീയ ചലച്ചിത്രപുരസ്‌കാര ദാനചടങ്ങു വിവാദത്തിൽ. ഇത്തവണ പുരസ്‌കാര ധാനം രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും നടത്തും എന്നതാണ് വിവാദങ്ങൾക്കു വഴിമരുന്നിട്ടത്‌. തുടർന്ന് പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് ചലച്ചിത്ര പ്രവർത്തകർ.

ആകെയുള്ള പുരസ്കാരങ്ങളിൽ 10 എണ്ണം മാത്രമാകും രാഷ്‌ട്രപതി സമ്മാനിക്കുക. ബാക്കി ഉള്ളത് സ്‌മൃതി ഇറാനിയും നൽകും. എന്നാൽ കീഴ്വഴക്കങ്ങൾ മറികടന്നുള്ള പുതിയ തീരുമാനം ഓരോരോ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നവരെ അപമാനിക്കലാണെന്നാണ് ചലച്ചിത്ര പ്രവർത്തകർ പറയുന്നത്. എല്ലാ പുരസ്കാരങ്ങൾക്കും തുല്യ പ്രാധാന്യമാണെന്നും ആ നിലക്ക് ചില പുരസ്‌കാരങ്ങൾ കേന്ദ്ര മന്ത്രി നൽകുന്നത് പുരസ്‌കാര ജേതാക്കളെ അപമാനിക്കലാകും എന്നും അവർ ആരോപിക്കുന്നു.

പുരസ്കാരങ്ങളിൽ ഏതൊക്കെയാണ് രാഷ്‌ട്രപതി നൽകുക ഏതൊക്കെയാണ് സ്‌മൃതി നൽകുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നാളിതു വരെ തുടർന്ന് വന്നിട്ടുള്ള രീതി എല്ലാവർക്കും പുരസ്‌കാര ദാനം രാഷ്‌ട്രപതി തന്നെ നടത്തുക എന്നതായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു മാറ്റം. കല-സാംസ്കാരിക മേഖലയിലേക്കുള്ള ആർ.എസ്.എസ്-ബി.ജെ.പി കടന്നു കയറ്റമായാണ് ഇപ്പോഴത്തെ നടപടി വിലയിരുത്തപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പടുത്തിരിക്കെ ബി.ജെ.പി അവരുടെ നേതാക്കളെ ജനശ്രദ്ധയാകർഷിക്കുന്നതിലേക്കായി അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് നിരൂപകർ ചൂണ്ടിക്കാണിക്കുന്നു.