അവാര്‍ഡ്ദാനം : വീഴ്ചയില്‍ രാഷ്ട്രപതിക്ക് അതൃപ്തി

#

ന്യൂഡല്‍ഹി (05-05-18) : ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. ഒരു മണിക്കൂര്‍ മാത്രമേ രാഷ്ട്രപതിക്ക് അവാര്‍ഡ് വിതരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ എന്ന വിവരം വളരെ നേരത്തെ തന്നെ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തെ അറിയിച്ചിരുന്നുവെന്നും അക്കാര്യം അവാര്‍ഡ് ജേതാക്കളെയും മാധ്യമങ്ങളെയും അറിയിക്കുന്നതില്‍ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വീഴ്ച വരുത്തിയെന്നും വ്യക്തമാക്കിയ രാഷ്ട്രപതി ഇക്കാര്യത്തിലുള്ള അതൃപ്തി പ്രധാനമന്ത്രിയെ അറിയിച്ചു. കത്തിലൂടെയാണ് രാഷ്ട്രപതി പ്രധാനമന്ത്രിയെ തന്റെ അതൃപ്തി അറിയിച്ചത്.

പ്രോട്ടോക്കോളിലുണ്ടായ മാറ്റം എല്ലാ മന്ത്രാലയങ്ങളെയും രാഷ്ട്രപതി ഭവനില്‍ നിന്ന് അറിയിച്ചിരുന്നിട്ടും ഈ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വരുത്തിയ വീഴ്ച ഗുരുതരമാണ്. അവാര്‍ഡ് വിതരണച്ചടങ്ങിന്റെ നോട്ടീസിലും രാഷ്ട്രപതി അവാര്‍ഡ് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. രാഷ്ട്രപതി അല്ല അവാര്‍ഡ് നല്‍കുന്നത് എന്ന വിവരം അറിയിക്കാന്‍ അവസാന മണിക്കൂര്‍ വരെ കാത്തിരുന്നത് വഴി രാഷ്ട്രപതിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിനെതിരേ എന്തു നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.