ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് ; കോൺഗ്രസ് സുപ്രീം കോടതിയിൽ

#

ന്യൂഡൽഹി (07-05-18 ) : സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 71 രാജ്യസഭാ അംഗങ്ങൾ നൽകിയ നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടിക്ക് എതിരെ രണ്ടു കോൺഗ്രസ് എംപിമാർ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യസഭാ അംഗങ്ങളായ പ്രതാപ് സിംഗ് ബജ്‌വ, അമീ ഹർഷദ്‌റായ് യജ്നിക് എന്നിവരാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്‍റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ഇംപീച്ച്മെന്റ് നോട്ടീസ് ലഭിച്ചാൽ അന്വേഷണസമിതി രൂപീകരിക്കുക എന്നതാണ് രാജ്യസഭാ അധ്യക്ഷൻ സ്വീകരിക്കേണ്ട നടപടിയെന്നും എന്നാല്‍ അത് ചെയ്യാതെ തന്റെ കടമ നിര്‍വഹിക്കുന്നതിൽ വെങ്കയ്യ നായിഡു  പരാജയപ്പെട്ടു എന്നുമാണ് എംപിമാരുടെ ആരോപണം. ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ഹാജരാകും. ഉപരാഷ്ട്രപതിയുടെ നടപടിയിൽ ഭരണഘടനാപരമായ പ്രശ്നങ്ങളുണ്ടെന്ന് കപിൽ സിബൽ പറഞ്ഞു.