ചെങ്ങന്നൂര്‍ : പിടിച്ചുനില്‍ക്കാനാവാതെ ബി.ജെ.പി

#

ചെങ്ങന്നൂര്‍ (07-05-18) : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്നതിനു വളരെ മുമ്പുതന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് രംഗത്തു സജീവമായ ബി.ജെ.പി, പോളിംഗ് തീയതി അടുത്തതോടെ, പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്നതാണ് കാണുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42000 ലേറെ വോട്ടുനേടിയ പി.എസ് ശ്രീധരന്‍പിള്ളയെയാണ് ബി.ജെ.പി വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയത്. മറ്റു സ്ഥാനാര്‍ത്ഥികളെക്കാള്‍ വ്യക്തിപ്രഭാവമുള്ളയാളെന്ന നിലയില്‍ ശ്രീധരന്‍പിള്ളയ്ക്ക് രാഷ്ട്രീയത്തിനതീതമായി വലിയതോതില്‍ വോട്ടു നേടാന്‍ കഴിയുമെന്ന് ബി.ജെ.പി കണക്കുകൂട്ടി. കേന്ദ്രത്തിലെ അധികാരവും സാമ്പത്തികശക്തിയും ബി.ജെ.പിക്ക് സഹായകമാകുമെന്നായിരുന്നു അവര്‍ വിലയിരുത്തിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമ്പോഴുള്ള സ്ഥിതി പാടേ മാറിയിരിക്കുന്നു. ജയിക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ സാധ്യമല്ലെന്ന തിരിച്ചറിവില്‍, മത്സരരംഗത്ത് പിടിച്ചു നില്‍ക്കുകയും തോല്‍വിയുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ലക്ഷ്യം.

ജമ്മുവിലെ കത്തുവയില്‍ 8 വയസ്സുള്ള പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ബി.ജെ.പിക്കും സംഘപരിവാറിനുമെതിരേ രാജ്യവ്യാപകമായി സൃഷ്ടിച്ച പ്രതിഷേധം ബി.ജെ.പിയെ തീര്‍ത്തും പ്രതിരോധത്തിലാക്കി. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലും ബി.ജെ.പി ഭരിക്കുന്ന മറ്റു വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ ബി.ജെ.പിക്കെതിരേ ജനരോഷം ആളിക്കത്താനിടയാക്കിയിരുന്നു. "വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുണ്ട്. ദയവു ചെയ്ത് ബി.ജെ.പി ഇവിടെ വോട്ട് ചോദിക്കാന്‍ വരരുത്" എന്ന് തുടങ്ങി വാട്‌സ്ആപ്പിലൂടെയും മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന സന്ദേശങ്ങള്‍ ബി.ജെ.പിയെ കടുത്ത ധാര്‍മ്മിക പ്രതിസന്ധിയിലാക്കി. കത്തുവയില്‍ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി ബി.ജെ.പി മന്ത്രിമാര്‍ തന്നെ തെരുവില്‍ പ്രകടനം നടത്തിയതിനെയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കുറിച്ച് വിശദീകരണം നല്‍കാനാവാതെ ബി.ജെ.പി നേതാക്കള്‍ ബുദ്ധിമുട്ടി.

പെട്രോളിനും ഡീസലിനും ദിനംപ്രതിയുണ്ടായ ഭീമമായ വില വര്‍ദ്ധനവും ജനങ്ങളില്‍ ബി.ജെ.പി വിരുദ്ധവികാരം ശക്തമാക്കാന്‍ കാരണമായി. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെ ന്യായീകരിക്കുന്ന തരത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലെയായി. നോട്ടുനിരോധനവും ജി.എസ്.ടിയും വാണിജ്യ-വ്യവസായ മേഖലകളിലുണ്ടാക്കിയ തകര്‍ച്ചയും നേരത്തേ തന്നെ തകര്‍ന്നിരുന്ന റബര്‍ മേഖലയിലുണ്ടായ ക്ഷീണവും ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്.

സംസ്ഥാനത്തെ ബി.ജെ.പിയില്‍ പുകഞ്ഞു നീറിനിന്ന, ഗ്രൂപ്പിസം മാണിയെ കൂട്ടുന്നതിനെച്ചൊല്ലി മുരളീധരനും കൃഷ്ണദാസും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലായി പുറത്തുവരികയുണ്ടായി. മുരളീധരൻ പക്ഷം തെരഞ്ഞെടുപ്പില്‍ കാലുവാരുമെന്ന് മറുപക്ഷം ഭയക്കുന്നുണ്ട്. ബി.ഡി.ജെ.എസ്സുമായുള്ള പ്രശ്‌നം തീര്‍ക്കാന്‍ തടസ്സം നില്‍ക്കുന്നത് കൃഷ്ണദാസ് പക്ഷമാണ്. ബി.ഡി.ജെ.എസ്സിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഇനി ബി.ഡി.ജെ.എസ്സിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞാലും രണ്ടു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ശ്രീധരൻപിള്ളയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഭയക്കുന്നു.

ബി.ജെ.പിക്കുണ്ടാകുന്ന തിരച്ചടിയില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് യു.ഡി.എഫും എല്‍.ഡി.എഫും ശ്രമിക്കുന്നത്. ബി.ജെ.പിക്ക് നഷ്ടപ്പെടുന്ന വോട്ടുകള്‍ കരസ്ഥമാക്കാന്‍ അയ്യപ്പസേവാസംഘത്തിന്റെ നേതാവ് കൂടിയായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു കഴിയുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ. ബി.ജെ.പിക്ക് നഷ്ടപ്പെടുന്ന വോട്ടുകള്‍ ഹൈന്ദവസ്ഥാനാര്‍ത്ഥിക്ക് തന്നെ ലഭിക്കുമെന്ന ലഘുവായ കണക്കുകൂട്ടലാണ് ആ പ്രതീക്ഷയുടെ അടിസ്ഥാനം. ദേവസ്വംബോഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയതും ആര്‍.ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായകമ്മീഷന്‍ ചെയര്‍മാന്‍ ആക്കിയതും എന്‍.എസ്.എസ്സിന് എല്‍.ഡി.എഫിനോടുള്ള മൃദുസമീപനവും കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച ഹിന്ദുവോട്ടുകളില്‍ ഒരു പങ്ക് തങ്ങള്‍ക്ക് ലഭിക്കാന്‍ വഴി വയ്ക്കുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എന്തായാലും ബി.ജെ.പി മത്സരരംഗത്ത് ബഹുദൂരം പിന്തള്ളപ്പെട്ടതാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലഭിക്കുന്ന വ്യക്തമായ ചിത്രം.