പ്രധാനമന്ത്രിയാകാന്‍ തയ്യാര്‍ : രാഹുല്‍

#

ബംഗളുരൂ (08-05-18) : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുമെന്ന് മാത്രമല്ല, വാരണാസിയില്‍ നരേന്ദ്രമോദിയും തോല്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 5 സീറ്റുപോലും ബി.ജെ.പിക്ക് നേടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ബംഗളുരൂവില്‍ സമൃദ്ധി ഭാരത സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുല്‍ഗാന്ധി.

പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തോട് ഇതു രണ്ടാം തവണയാണ് രാഹുല്‍ഗാന്ധി അനുകൂലമായി പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യു.എസ്സിലെ ബര്‍ക്‌ലി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയത്തിലാണ് പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ആദ്യം വ്യക്തമാക്കിയത്.