ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം ബി.ജെ.പി നയത്തെ എതിർത്ത് സി.പി.എം പോളിറ്റ് ബ്യുറോ

#

ന്യൂ ഡൽഹി(10-05-2018): ഇന്ത്യൻ കമ്പനിയായ ഫ്ലിപ്‌കാർട്ടിനെ അമേരിക്കൻ വ്യാപാര ഭീമനായ വാൾമാർട്ട് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യുറോ. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ ജനങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന വിദേശ നയത്തിന്റെ വ്യക്തമായ ചതിയാണിതെന്നു സി.പി.ഐ.എം പോളിറ്റ് ബ്യുറോ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിലെ പ്രസ്താവനകൾക്ക് പിറകെ പോളിറ്റ് ബ്യുറോ പത്രക്കുറിപ്പും ഇറക്കി.

മെയ്ക് ഇൻ ഇന്ത്യ എന്നത് മെയ്ക് ഫോർ ഇന്ത്യ എന്നായിരിക്കുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ വ്യവസായം നടക്കുന്ന രാജ്യത്തെ ചെറുകിട വിൽപ്പന മേഖലയിൽ പിൻവാതിൽ വഴി വിദേശനിക്ഷേപം നിക്ഷേപം നടത്താൻ ബി.ജെ.പി സർക്കാർ ഒത്താശ ചെയ്യുന്നു. ചെറുകിട മേഖലയിലുള്ള വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട മുൻ നയങ്ങളിൽ മോദി സർക്കാർ വെള്ളം ചേർത്തതായും പോളിറ്റ് ബ്യുറോ കുറ്റപ്പെടുത്തുന്നു.

ചില്ലറ വ്യാപാര മേഖലയിലുള്ള വിദേശനിക്ഷേപം പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്തിരുന്ന ബി.ജെ.പി ഇന്ന് അതിനെ പൂർണതോതിൽ പിന്തുണയ്ക്കുന്നു. ഇത്തരത്തിലുള്ള നീക്കങ്ങൾ ഇടതുപക്ഷ പാർട്ടികൾ എക്കാലവും എതിർത്തിരുന്നു. രാജ്യത്തെ നല്ലൊരു വിഭാഗത്തിന്റെയും വരുമാനമാർഗമാണ് ചില്ലറ വ്യാപാര മേഖല. ഇതിനെ തകർത്തു ആഗോളഭീമന്മാർക്കു കുടപിടിക്കാനാണ് ബി.ജെ.പി ഇപ്പോൾ ശ്രമിക്കുന്നത്.