ഷാർജ ഇന്ത്യൻ അസോസിയേഷൻ : വിശാല ജനാധിപത്യ മുന്നണിക്ക് വൻജയം

#

ഷാർജ ( 12-05-18) : ഷാർജ ഇന്ത്യൻ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിശാല ജനാധിപത്യ മുന്നണിക്ക് വൻ വിജയം. നിലവിലെ ഭരണ സമിതിയായ യുണൈറ്റഡ് പ്രോഗസീവ് അലയൻസിന്  മാനേജ്മെൻറ് കമ്മിറ്റിയിയിൽ ഒരു സീറ്റിലേക്ക്   മാത്രമാണ് ജയിക്കാനായത്. പ്രസിഡൻറായി ഇ പി ജോൺസണും ജനറൽ സെക്രട്ടറിയായി അബ്ദുള്ള മല്ലിശേരിയും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി കെ.ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റായി ജാബിർ, ജോയിന്റ് സെക്രട്ടറിയായി സന്തോഷ് കെ.നായർ തുടങ്ങി എല്ലാ ഓഫീസ് സ്ഥാനങ്ങളും വിശാല ജനാധിപത്യ മുന്നണി നേടി.

മാനേജ്മെന്റ് കമ്മിറ്റിയിലെ ഏഴിൽ ആറ് സ്ഥാനവും മുന്നണി നേടിയപ്പോൾ മാസിന്റെ സീനിയർ അംഗം മാധവൻ പാടി  മാത്രമാണ് നിലവിലുള്ള ഭരണമുന്നണിയിൽ നിന്ന് മാനേജ്മെൻറ് കമ്മിറ്റിയിലേക്ക് ജയിച്ചത്. കഴിഞ്ഞ ഭരണത്തിൽ അസംതൃപ്തി പുലർത്തുന്ന വിഭാഗത്തിൽ പെടുന്നയാളാണ് ഇദ്ദേഹം.മുൻ പ്രസിഡൻറ് വൈ.എ.റഹീമിനെതിരെ കെ എം സി സി നേതാവ് അബ്ദുള്ളയുടെ വിജയം ത്രസിപ്പിക്കുന്നതായിരുന്നു. ആദ്യാവസാനം ലീഡ് മാറി മറിഞ്ഞ മൽസരത്തിനൊടുവിൽ 5 വോട്ടുകൾക്കാണ് അബ്ദുള്ളയുടെ വിജയം. കുറച്ച് കാലത്തിന് ശേഷം ഷാർജ അസോസിയേഷൻ ഭരണത്തിലേക്ക് കെ എം സി സി യുടെ തിരിച്ച് വരവാണിത്.

നിലവിൽ വൈ എ റഹീമും നാരായണൻ നായരും നേതൃത്വം നൽകുന്ന കോൺഗ്രസ് സംഘടനകളും സി പി ഐ (എം) സംഘടനയായ മാസും സി പി ഐ സംഘടനയായ യുവകലാസാഹിതിയും ചേർന്ന മുന്നണിയാണ് ഭരിച്ചിരുന്നത്. തന്റെ അടുപ്പക്കാരനായ അഡ്വ.അജി കുര്യാക്കോസിനെ ജോയിന്റ് ജനറൽ സെക്രട്ടറിയായി മൽസരിപ്പിക്കാൻ റഹീം ഏകപക്ഷീയമായി നീക്കം നടത്തിയതോടെ സി പി ഐ അനുകൂല സംഘടന  അതിനെ എതിർത്തു. മുന്നണി തീരുമാനമെടുക്കും മുമ്പ് തന്നെ അജി കുര്യാക്കോസ് പ്രചരണം തുടങ്ങിയിരുന്നു. നിലവിലുള്ള ഭരണമുന്നണിയിൽ നിന്ന്  സി പി ഐ സംഘടന പുറത്തു പോയതോടെ മത്സരം രൂക്ഷമാകുകയായിരുന്നു. സി പി എം സംഘടനയിലെ പലരും സി.പി.ഐ നിലപാടിനോട് അനുഭാവം പുലർത്തുകയും ചെയ്തു.

പലതായി ഭിന്നിച്ചു നിൽക്കുന്ന  കോൺഗ്രസ് സംഘടനകളെ ഒരുമിപ്പിക്കാൻ കെ പി സി സി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോൺഗ്രസ് സംഘടനകൾ ഒന്നിക്കുന്നതിനെ പൊളിക്കാൻ വൈ.എ.റഹിം ശ്രമിച്ചതായി ആരോപണമുണ്ട്. റഹിം ഇടപെട്ട് കെ പി സി സി ഉന്നതന്റെ അർബുദ ബാധിതനായ സഹോദരന് 8  ലക്ഷം രൂപ ചികിൽസ സഹായം നൽകിയതിനെക്കുറിച്ഛ് ആക്ഷേപമുയർന്നിട്ടുണ്ട്. സാധാരണക്കാർക്ക് അൻപതിനായിരത്തിലപ്പുറം ധനസഹായം നൽകാത്തപ്പോൾ കെ.പി.സി.സിയിലെ പ്രമുഖന്റെ സഹോദരന് 8 ലക്ഷം രൂപ സഹായം നൽകിയത് ഏകീകരണ ശ്രമങ്ങളിൽ നിന്ന് കെ പി സി സിയെ പിന്തിരിപ്പിക്കാൻ വേണ്ടി റഹിം നടത്തിയ നീക്കമാണെന്ന് പറയപ്പെടുന്നു.