2008 ലെ മുംബൈ ഭീകരാക്രമണം: പാക് സർക്കാരിന്റെ അറിവോടെയെന്ന് നവാസ് ഷെരീഫ്

#

കറാച്ചി(12-05-2018): 2008 ലെ മുംബൈ ഭീകരാക്രമണം പാക് സർക്കാരിന്റെ അറിവോടെ തീവ്രവാദി സംഘടനകൾ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന കാര്യം തുറന്നു പറഞ്ഞു പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 2008 നവംബർ 26 മുതൽ തുടർച്ചയായി 3 ദിവസം മുംബൈ നഗരത്തിന്റെ 10 ഇടങ്ങളിലായി പാക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്യിബ നടത്തിയ ഭീകരാക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ 166 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി ആളുകൾക്ക് ഗുരുതര പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു.

ഈ ആക്രമണം പാകിസ്ഥാൻ സർക്കാരിന്റെ ഒത്താശയോട് കൂടി ഉള്ളതാണെന്ന് അന്ന് മുതൽ തന്നെ ഇന്ത്യ ആരോപിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ സർക്കാർ അത് നിഷേധിക്കുകയാണുണ്ടായിരുന്നതു. എന്നാൽ 2008 ലെ ഭീകരാക്രമണത്തെ കുറിച്ച് വ്യക്തമായ ധാരണ പാക് ഭരണകൂടത്തിനുണ്ടായിരുന്നതായാണ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിം ലീഗ് നേതാവുമായ നവാസ് ഷെരീഫ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. പാക് പത്രമായ "ഡോൺ" നു നൽകിയ അഭിമുഖത്തിലായിരുന്നു ഷെരീഫിന്റെ തുറന്നു പറച്ചിൽ.

പാകിസ്ഥാനിൽ തീവ്രവാദി സംഘടനകൾ സജീവമാണെന്നും എന്നാൽ അവരെ അതിർത്തി കടന്നു മുംബൈയിലെത്തി ആക്രമണം നടത്താൻ സഹായിച്ചത് തെറ്റായി പോയെന്നും ഷെരീഫ് പറഞ്ഞു. തീവ്രവാദികൾ ഇനിയന്ത്രിക്കുന്നതിനു മാറി മാറി വരുന്ന പാകിസ്ഥാൻ സർക്കാരുകൾക്ക് കഴിവില്ലെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. 2008 ലെ മുംബൈ ആക്രമണ സമയത്തു ഷെരീഫിന്റെ മുഖ്യ എതിരാളികളായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ആണ് പാകിസ്ഥാനിൽ അധികാരത്തിലിരുന്നത്. യൂസഫ് റാസ ഗീലാനി പ്രധാനമന്ത്രിയും ആസിഫ് അലി സർദാരി പ്രസിഡൻറ്റും.