നവാസ് ഷെരീഫ് പറയുന്നത് മോദിയുടെ വാക്കുകൾ: ഇമ്രാൻ ഖാൻ

#

കറാച്ചി(13-05-2018): മുംബൈ ആക്രമണത്തിൽ പാക് സർക്കാരിനു പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി എത്തിയ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് മറുപടിയുമായി തെഹ്രീക് ഇ ഇൻസാഫ് പാർട്ടി അധ്യക്ഷൻ ഇമ്രാൻ ഖാൻ രംഗത്ത്. നവാസ് ഷെരീഫ് ഇപ്പോൾ പറയുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണെന്നു ഇമ്രാൻ ഖാൻ തിരിച്ചടിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നവാസ് ഷെരീഫ് വിവാദ പ്രസ്താവനയുമായി എത്തിയത്. ഷെരീഫ് ഇപ്പോൾ ഇങ്ങനെ പറയുന്നത് തന്റെയും മകന്റെയും പേരിലുള്ള 300 ബില്യൺ കോടിയുടെ സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും ഇമ്രാൻ ഖാൻ ആരോപിക്കുന്നു.

സ്വകാര്യ നേട്ടങ്ങൾക്കു വേണ്ടി രാജ്യത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റു കൊടുത്ത മിർ ജാഫറിന്റെ സമകാലീന മുഖമാണ് നവാസ് എന്നും ഇമ്രാൻ ആഞ്ഞടിച്ചു. നരേന്ദ്ര മോദിയുടെ വക്താവായി മാറുന്നതിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ചു തന്റെ മകന്റെ കമ്പനിയിൽ നിക്ഷേപിച്ചിരിക്കുന്ന 300 ബില്യൺ കോടിയോളം രൂപ രക്ഷിച്ചെടുക്കാമെന്നാണ് നവാസ് കരുതുന്നതെന്നും ഇമ്രാൻ കറാച്ചിയിൽ പറഞ്ഞു.

2008 നവംബർ 26 നു മുംബൈ നഗരത്തിൽ ഉണ്ടായ ഭീകരാക്രമണങ്ങളെക്കുറിച്ചു നവാസ് ഷെരീഫ് പാക് ചാനൽ ആയ ഡോണിന് നൽകിയ അഭിമുഖത്തെക്കുറിച്ചു സൂചിപ്പിച്ചപ്പോഴായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.

നവാസ് ഷെരീഫിനെതിരെയും മകനെതിരെയും അഴിമതി ആരോപണം ഉന്നയിക്കുകയും അതിനായി നിയമ പോരാട്ടം നടത്തി ഷെരീഫിന്റ്റെ പ്രധാനമന്ത്രി പദം വരെ തെറിപ്പിക്കുകയും ചെയ്തതു ഇമ്രാൻ ഖാൻ ആയിരുന്നു.