ഇൻഡോനേഷ്യ ചാവേറാക്രമണം: ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

#

ജക്കാർത്ത(13-05-2018): ഞായറാഴ്ച കുർബ്ബാനയ്ക്കിടെ ഇൻഡോനേഷ്യയിലെ ക്രിസ്ത്യൻ പള്ളികൾക്കു നേരെ നടന്ന ചാവേറാക്രമണത്തിൻറ്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. മൂന്നു പള്ളികളിലായി നടന്ന ആക്രമണങ്ങളിൽ 11 പേര് കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

3 സ്ഫോടനങ്ങളും നടത്തിയത് ഒരു കുടുംബത്തിലെ ആറ് പേരായിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന. അടുത്തിടെ സിറിയയിൽ നിന്നും മടങ്ങിയെത്തിയ അഞ്ഞൂറോളം ഇൻഡോനേഷ്യൻ കുടുംബങ്ങളിൽ ഒന്നാണിത്. പ്രാദേശിക സമയം ഏഴരയോടെയയായിരുന്നു 10 മിനിറ്റിന്റെ വ്യത്യാസത്തിൽ സ്ഫോടനങ്ങൾ നടന്നത്.

കുടുംബനാഥനാണ് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ ഒരു പാള്ളിയുടെ ഗേറ്റിലേക്ക് ഇടിച്ച കയറ്റിയതെന്നു ഈസ്റ്റ് ജാവ പോലീസ് പറഞ്ഞു. രണ്ടാമത്തെ പള്ളിയിൽ അമ്മയും പന്ത്രണ്ടും ഒൻപതും വയസുള്ള 2 മക്കളും ഇതേ സമയം തന്നെ സ്ഫോടനം നടത്തി. ഇവരുടെ മൂത്ത രണ്ടു മക്കളുമാണ് മൂന്നാമത്തെ പള്ളിയിൽ ബൈക്കിലെത്തി സ്ഫോടനം നടത്തിയത്.