പീഡിപ്പിക്കപ്പെട്ട കുട്ടി

#

(14-05-18) : എടപ്പാളില്‍ സിനിമാ തിയറ്ററില്‍വെച്ച് ഒരു കൊച്ചു പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവം സൃഷ്ടിച്ച അമര്‍ഷം പല രീതിയില്‍ പ്രകടിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം ചെറുമകളാകാന്‍ മാത്രം പ്രായമുള്ള ഒരു കൊച്ചുകുട്ടിയെ ക്രൂരമായി ഉപദ്രവിച്ച മൊയ്തീന്‍കുട്ടിയെ അറപ്പോടെ മാത്രമേ കാണാന്‍ കഴിയൂ. വ്യാപകമായി പ്രകടിപ്പിക്കപ്പെടുന്ന അമര്‍ഷവും പ്രതിഷേധവും തീര്‍ത്തും സ്വാഭാവികം. കൊച്ചുകുട്ടിയെ പീഡിപ്പിച്ചതിനെ ന്യായീകരിക്കുന്ന തരത്തില്‍ ചില വിചിത്ര മനുഷ്യര്‍ നടത്തിയ പ്രതികരണങ്ങള്‍ അവരുടെ മനോനിലയുടെ വൈകൃതം വ്യക്തമാക്കുന്നത് എന്ന നിലയില്‍ അവഗണിക്കാം.

ഈ പ്രശ്‌നത്തില്‍ ഇപ്പോഴത്തെ മാധ്യമശ്രദ്ധ അതിവേഗം അവസാനിക്കും. സംഘടനകളുടെയും വ്യക്തികളുടെയും പ്രതിഷേധങ്ങളും അടങ്ങും. പീഡനത്തിനിരയായ കുട്ടിയുടെ ഇനിയുള്ള ജീവിതം എങ്ങനെയാകും? ഇടപ്പാളിലേത് ഒറ്റപ്പെട്ട സംഭവമല്ല. പീഡിപ്പിക്കപ്പെടുന്ന കൊച്ചുകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിജീവിതം സുരക്ഷിതമാക്കാന്‍ എന്തു സംവിധാനമാണ് നമുക്കുള്ളത്?

മലപ്പുറം ജില്ലയിലെ ഒരു "റെസ്‌ക്യൂ ഷെല്‍ട്ടറില്‍" കഴിയുന്ന ആ കുട്ടിയുടെ ജീവിതം ഇനി എങ്ങനെയാണ് മുന്നോട്ട് പോകുക? താന്‍ ചെയ്യാത്ത കുറ്റത്തിന് അന്യായ തടങ്കലില്‍ കഴിയുകയാണ് ആ കുട്ടി. അമ്മ ജയിലിലാണ്. ഈ പ്രായത്തില്‍, ഇത്തരം ഒരനുഭവത്തിലൂടെ കടന്നുപോയ ആ കുട്ടിക്ക് വൈകാരിക സുരക്ഷിതത്വം നല്‍കാന്‍ എന്തു സംവിധാനമാണുള്ളത്? തീര്‍ത്തും ഒറ്റപ്പെട്ട് അപരിചിതമായ സാഹചര്യങ്ങളില്‍, അപരിചിതരായ വ്യക്തികള്‍ക്കിടയില്‍ തടവിലെന്നതുപോലെ കഴിയുന്ന ആ കുട്ടിക്ക് വൈകാരികമായ സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്താനുള്ള ബാധ്യത സമൂഹത്തിനുണ്ട്.

പീഡനത്തിനും ചൂഷണത്തിനും ഇരകളാകുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അന്തസ്സായ പുനരധിവാസം ഉറപ്പു വരുത്താനുള്ള ഒരു സംവിധാനവും നമ്മുടെ നാട്ടിലില്ല. കടുത്ത അനുഭവങ്ങളിലൂടെ കടന്നുപോയ കുട്ടികളോടും സ്ത്രീകളോടും സ്‌നേഹത്തോടെയും പരിഗണനയോടെയും ഇടപഴകാന്‍ കഴിയുന്ന, അതിനുള്ള മാനസികാരോഗ്യവും പരിശീലനവുമുള്ള വ്യക്തികളാണ് പുനരധിവാസകേന്ദ്രങ്ങളിലുണ്ടാകേണ്ടത്. ഉയര്‍ന്ന സാമൂഹ്യബോധവും അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നവരോടൊപ്പം നില്‍ക്കാനുള്ള സ്വാഭാവികശീലവുമുള്ളവരായിരിക്കണം ഇത്തരം പുനരധിവാസകേന്ദ്രങ്ങള്‍ നിയന്ത്രിക്കേണ്ടത്. പകരം പലപ്പോഴും, ഇരകളാകുന്ന കുട്ടികളെയും സ്ത്രീകളെയും കുറ്റവാളികളായി കാണുന്ന കര്‍ശനക്കാരായ ഉദ്യോഗസ്ഥരാണ് പുനരധിവാസകേന്ദ്രങ്ങള്‍ ഭരിക്കുന്നത്. അത്തരം "അര്‍ദ്ധസൈനിക" കേന്ദ്രങ്ങളില്‍ ഭയന്നുവിറച്ചു കഴിയേണ്ടവരല്ല പീഡനങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികളും സ്ത്രീകളും.

പീഡിപ്പിക്കപ്പെടുന്ന കുട്ടികളും സ്ത്രീകളും അനുഭവിച്ച ദുരിതങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സമൂഹത്തിനും ഭരണകൂടത്തിനും കഴിയില്ല. അവരെ ആരോഗ്യകരമായ പുതുജീവിതത്തിലേക്ക് നയിക്കാന്‍ ഭരണകൂടത്തിനും സമൂഹത്തിനും ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, മറ്റെല്ലാ സ്ഥാപനങ്ങളെക്കാള്‍ ഉയര്‍ന്ന പരിഗണനയും പ്രാധാന്യവും ഇത്തരം പുനരധിവാസകേന്ദ്രങ്ങള്‍ക്ക് നല്‍കണം. ഇപ്പോഴത്തെ അവസ്ഥ തീർത്തും പരിതാപകരമാണ്. വൈകാരികമായ സുരക്ഷിതത്വവും മാനസിക ഉല്ലാസവും സന്തോഷവും നല്‍കുന്ന സാഹചര്യങ്ങളല്ല അവിടങ്ങളിലുള്ളത് എന്നുമാത്രമല്ല, നേരേ മറിച്ച്, തീര്‍ത്തും അനോരാഗ്യകരമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. ഈ അവസ്ഥ മാറിയേ തീരൂ. കളിക്കാനും ഉല്ലസിക്കാനും മറ്റു കുട്ടികളുമായി ഇടപഴകാനും അവസരമുള്ള ഒന്നാന്തരം സ്ഥാപനങ്ങളായി കുട്ടികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രങ്ങള്‍ മാറണം. പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ മാനസികവും വൈകാരികവും ശാരീരികവുമായ ഉന്നമനത്തിനുതകുന്നതാകണം സ്ത്രീകള്‍ക്കു വേണ്ടിയുള്ള പുനരധിവാസകേന്ദ്രങ്ങള്‍.

ഇടപ്പാളിലെ ശിശുപീഡനത്തിൽ, രോഷപ്രകടനത്തിനും പഴി പറച്ചിലുകള്‍ക്കുമപ്പുറം പുതിയ ഒരു ഘട്ടത്തിലേക്ക് നമ്മുടെ പ്രതിഷേധം മാറേണ്ടതുണ്ട്. പീഡനം നടത്തുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരേ നിയമപരമായ നടപടികള്‍ കൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം ലൈംഗിക പീഡനത്തോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടാക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങളും സജീവമാകണം. എല്ലാ തരത്തിലുള്ള സ്ത്രീവിരുദ്ധതയ്ക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ആവശ്യമാണ്. ഭരണകൂടത്തിന്റെയും അധികൃതരുടെയും ഭാഗത്തുനിന്നുള്ള സ്ത്രീ / ശിശു വിരുദ്ധതയ്‌ക്കെതിരായ ചെറുത്തുനില്‍പ്പുകളെ പുതിയ തലത്തിലെത്തിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു.