ഒരേസമയം ബി.ജെ.പിയുമായും കോണ്‍ഗ്രസുമായും വിലപേശി ജെ.ഡി.എസ്

#

ബംഗളുരു (15-05-18) : കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടില്ല എന്ന സ്ഥിതിയില്‍ ബി.ജെ.പിയുമായും കോണ്‍ഗ്രസുമായും ഒരേ സമയം വിലപേശല്‍ നടത്തുകയാണ് ജനതാദള്‍(എസ്). മുഖ്യമന്ത്രിസ്ഥാനം എന്ന ആവശ്യം രണ്ടു പാര്‍ട്ടികളോടും ജനതാദള്‍(എസ്) മുന്നോട്ട് വെച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ തങ്ങള്‍ക്ക് താല്പര്യമുള്ള പ്രധാന വകുപ്പുകള്‍ എന്ന നിലയിലേക്ക് ആവശ്യം മാറ്റാനും ജനതാദള്‍(എസ്) തയ്യാറായേക്കും.

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ കൂടുതല്‍ കടുത്ത ഉപാധികള്‍ ജനതാദള്‍(എസ്) മുന്നോട്ടു വയ്ക്കും. ജനതാദള്‍ വിട്ട് കോണ്‍ഗ്രസിലേക്ക് പോയ സിദ്ധരാമയ്യയെയും മറ്റു നേതാക്കളെയും മന്ത്രിസഭയില്‍ നിന്ന് മാറ്റി നിറുത്തണമെന്നതാണ് ജനതാദള്‍(എസ്)ന്റെ പ്രധാന ആവശ്യം. സിദ്ധരാമയ്യ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതോടെ സിദ്ധരാമയ്യയെ മാറ്റിനിറുത്തുക എന്നത് കോണ്‍ഗ്രസിന് വലിയ പ്രശ്‌നമാകില്ല. ജനതാദളില്‍ നിന്ന് വന്ന മറ്റെല്ലാ എം.എല്‍.എമാരെയും മന്ത്രിസഭയില്‍ നിന്ന് മാറ്റി നിറുത്തുന്നത് പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുക്കാന്‍ കാരണമാകുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. അശോക് ഗെഹ്‌ലോട്ട്, ഗുലാംനബി ആസാദ് തുടങ്ങിയ പരിചയസമ്പന്നരായ കോണ്‍ഗ്രസ് നേതാക്കള്‍ ബംഗളുരുവില്‍ തങ്ങി സഖ്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

ജനതാദള്‍(എസ്) തങ്ങളോടൊപ്പം ചേരാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയെ നെടുകേ പിളര്‍ക്കുമെന്ന പരോക്ഷമായ ഭീഷണി ബി.ജെ.പി മുഴക്കിക്കഴിഞ്ഞു. ജനതാദള്‍(എസ്)ന്റെ പിന്തുണ ലഭിക്കില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി ഭൂരിപക്ഷം എം.എല്‍.എമാരെയും തങ്ങളുടെ കൂടെ നിറുത്താനുള്ള തീവ്രശ്രമം ബി.ജെ.പി ആരംഭിച്ചു. കേന്ദ്രഭരണം ബി.ജെ.പിയുടെ കയ്യിലുള്ളതിനാല്‍ ജനതാദള്‍(എസ്) ല്‍ ഒരു പിളര്‍പ്പ് സൃഷ്ടിക്കാന്‍ വലിയ പ്രയാസമുണ്ടാവില്ലെന്ന കണക്കു കൂട്ടലിലാണ് ബി.ജെ.പി.