കർണാടകയിലും കാവി തരംഗം?

#

ബംഗളൂരു(15-05-2018): കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തെളിഞ്ഞു വരുന്ന ചിത്രം ബി.ജെ.പിയുടെ മുന്നേറ്റമാണ്. ബി.ജെ.പിയുടെ ലീഡ് നില 103 ആയി. ജെ.ഡി.എസ്സും നേട്ടമുണ്ടാക്കി. 43 സീറ്റിൽ ജെ.ഡി.എസ് മുന്നിട്ടു നിൽക്കുന്നു. എന്നാൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലേക്കു മാറുന്നു. തുടക്കത്തിലേ മുന്നേറ്റത്തിന് ശേഷം പിന്നെലേക്കായ കോൺഗ്രസ് ഇപ്പോൾ 70 സീറ്റുകളിലേക്കായി അവരുടെ ലീഡ് നില ചുരുങ്ങുന്നു. ഇനി അറിയാനുള്ളത് 113 എന്ന മാന്ത്രിക സംഖ്യയിലേക്കു ബി.ജെ.പി എത്തിച്ചേരുമോ എന്നത് മാത്രമാണ്.

എന്നാൽ ശുഭപ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസത്തിൽ തന്നെയാണ് കോൺഗ്രസ്. ലീഡ് നിലകൾ മാറിമറിയുന്ന സാഹചര്യത്തിൽ ഇനിയും തങ്ങൾക്കു സാധ്യതയുണ്ടെന്നാണു കോൺഗ്രെസ്സ് ഭാഷ്യം. ഇരുകക്ഷികളും കൊണ്ടുപിടിച്ച ചർച്ചകളിലാണ്. എന്നാൽ ബി.ജെ.പി ഒരു മൃഗീയ ഭൂരിപക്ഷത്തിലേക്കു പോകുകയാണെങ്കിൽ ജെ.ഡി.എസ്സിന്റെ പിന്തുണയില്ലാതെ തന്നെ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്കാകും. അഥവാ, സീറ്റുനില 100 താഴുകയാണെങ്കിൽ ഇരുത്തട്ടിലായി നിൽക്കുന്ന ജെ.ഡി.എസ്സിനെ പിളർത്തി അധികാരം നിലനിർത്താനുള്ള ഒരു കുതിരക്കച്ചവടത്തിനാകും ബി.ജെ.പി മുതിരുക.