കർണാടക നൽകുന്നത് മതേതര ശക്തികൾ ഒന്നിക്കാനുള്ള സന്ദേശം

#

(15-05-18) : കർണാടകയിലും തോറ്റതോടെ, ഇനിയെങ്കിലും കോൺഗ്രസ് അവരുടെ ഒറ്റപ്പാർട്ടി മോഹം ഉപേക്ഷിക്കണം. എഴുപതുകളിൽ ഇന്ദിരാഗാന്ധിക്ക് ദേശീയമായി ഉണ്ടായിരുന്ന സ്വാധീനം ഇപ്പോഴത്തെ മോദിക്കുണ്ട്. മോദിയെ തോല്പിക്കണമെങ്കിൽ എല്ലാവരും ഒന്നിച്ചു നിന്നേ മതിയാവൂ. എസ്.പിക്കും  ബി എസ്.പിക്കും ഒന്നിക്കാമെങ്കിൽ, കോൺഗ്രസിനും ജെഡി എസ്സിനും ഒന്നിക്കാൻ എന്താണ് വിഷമം ? ഇപ്പോൾ ഇവിടെ തോറ്റത് കോൺഗ്രസ്സും അതോടൊപ്പം മത നിരപേക്ഷതയുമാണ്.

ഇനി അടുത്ത് തെരഞ്ഞെടുപ്പ് വരുന്ന രാജസ്ഥാനിലും, മധ്യ പ്രദേശിലും, ചത്തീസ്ഗഢിലും ബിജെപി തോൽക്കുമെന്ന് കരുതി മുന്നോട്ടു പോയാൽ കോൺഗ്രസിന്റെ ഗതി ഏറെക്കുറെ ഇത് തന്നെയാവും. ഇന്ത്യൻ തെരഞ്ഞെടുപ്പുകൾ പ്രവചനാതീതമാണ്, എല്ലാവർക്കും തുല്യ സാധ്യതയുള്ള സാമ്പിൾ കിട്ടുക അസാധ്യം - അതിനാൽ ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവചനവും ശാസ്ത്രീയമാവില്ല. ആകെയുള്ള മാർഗം, എല്ലാവരും ചേർന്ന് കൂട്ടായി എതിർക്കുക എന്നത് മാത്രമാണ്. ഒറ്റക്കക്ഷി എന്ന നിലയിൽ ബിജെപി വളരെയധികം ശക്തി പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു, കൂട്ടായി നേരിടുക എന്നത് മാത്രമാണ് ഇനിയുള്ള ഒരേ ഒരു പോംവഴി.

മകനെ വാഴിക്കാനുള്ള സോണിയ ഗാന്ധിയുടെ ആഗ്രഹം തൽക്കാലം നടക്കില്ല. ഇനി എല്ലാവരിലും ഒരാളായി പ്രവർത്തിക്കുക, പാർട്ടിയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുക, ഡൽഹിയിലെ ഉപജാപക വൃന്ദങ്ങളുടെ വിവരക്കേടുകൾക്കു കാതോർക്കാതിരിക്കുക. അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുരന്തങ്ങളായിരിക്കും. നല്ല ഭരണമല്ല, ഭൂരിപക്ഷമാണ് ജയിക്കാൻ വേണ്ടത്. അതിനു വേണ്ടത് അവസരോചിതമായ സഖ്യങ്ങളും.

ബിജെപിയെ വെട്ടി ജെ ഡി എസ്സിന് മുൻ‌തൂക്കം നൽകാൻ തയ്യാറായാൽ, ഇപ്പോഴും വാതിലുകൾ അടഞ്ഞിട്ടില്ല. പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലെ പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞൻ പറഞ്ഞത് പോലെ, ഹിന്ദു ദേശീയതയെ ചെറുക്കാൻ കഴിയുക പ്രാദേശിക  ദേശീയതയ്ക്കു മാത്രമാണ്. അതിനായിരിക്കണം ഇനി കോൺഗ്രസ്സും മറ്റെല്ലാവരും ശ്രമിക്കേണ്ടത്. ഒരു ദേശീയപ്പാർട്ടിക്കു ബദൽ മറ്റൊരു ദേശീയപ്പാർട്ടിയല്ല.